മഞ്ചേരി മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ജനല്‍ കാറ്റില്‍ അടര്‍ന്നു വീണു; രണ്ട് നഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

മഞ്ചേരി മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ജനല്‍ കാറ്റില്‍ അടര്‍ന്നു വീണു; രണ്ട് നഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

Update: 2025-07-15 00:41 GMT

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ഇരുമ്പ് ജനല്‍ പാളി കാറ്റില്‍ അടര്‍ന്നു വീണ് നഴ്‌സിങ് വിദ്യാര്‍ത്ഥികളായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒന്നാം വര്‍ഷ ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥിനികളായ ബി.ആദിത്യ, പി.ടി.നയന എന്നിവരെ തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഫിസിയോളജി ഡിമന്‍സ്‌ട്രേഷന്‍ ഹാളിലെ ജനല്‍ ആണ് തിങ്കളാഴ്ച വൈകിട്ട് 3.45ന് ക്ലാസ് മുറിയിലേക്കു നിലം പൊത്തിയത്.

തിങ്കളാഴ്ച തിയറി ക്ലാസിനു ശേഷം ലാബ് സമയത്തായിരുന്നു അപകടം. 10 വിദ്യാര്‍ഥികള്‍ ലാബില്‍ പോയ സമയം മറ്റു വിദ്യാര്‍ഥികള്‍ ഹാളില്‍ ഇരിക്കുകയായിരുന്നു. ഈ സമയം സിമന്റ് പാളികള്‍ അടര്‍ന്ന് ജനല്‍ ക്ലാസ് മുറിയിലേക്കു വീഴുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. മറ്റു വിദ്യാര്‍ഥികളും കോളജ് അധികൃതരും ഇരുവരെയും ആംബുലന്‍സില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആദ്യത്യയെ സ്‌കാനിങ്ങിനു വിധേയമാക്കി.

കോളജ് നിലവില്‍ വരുന്നതിനു മുന്‍പ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു വേണ്ടി നിര്‍മിച്ച കെട്ടിടമായിരുന്നു ഇത്. പിന്നീട് മെഡിക്കല്‍ കോളജിനു വേണ്ടി കൈമാറുകയായിരുന്നു. നഴ്‌സിങ് കോളജിനു സ്വന്തം കെട്ടിടം ഇല്ലാത്തതിനാല്‍ മെഡിക്കല്‍ കോളജിന്റെ ഈ കെട്ടിടത്തിലെ ക്ലാസ് മുറികളാണ് നഴ്‌സിങ് ക്ലാസ് ആയി ഉപയോഗിക്കുന്നത്.

സംഭവം നടന്ന ഉടന്‍ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളജ് കോളജ് പ്രിന്‍സിപ്പല്‍, ഫിസിയോളജി വകുപ്പ് മേധാവി എന്നിവര്‍ക്ക് വിവരം കൈമാറി. കലക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് (ഡിഎംഇ) എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ.കെ.കെ.അനില്‍ രാജ് പറഞ്ഞു. പതിനഞ്ചു വര്‍ഷം മുന്‍പാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു വേണ്ടി ഈ കെട്ടിടം നിര്‍മിച്ചത്. ഒരു മാസം മുന്‍പ് കോളജിന്റെ പഴയ കെട്ടിടത്തിന്റെ സീലിങ് കാരുണ്യ ഫാര്‍മസിയിലേക്ക് അടര്‍ന്നു വീണിരുന്നു.

Tags:    

Similar News