നിപ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുകടക്കാന്‍ ശ്രമം; യുവാവിനെ തടഞ്ഞ് പൊലീസ്; തര്‍ക്കത്തിന് പിന്നാലെ കയ്യാങ്കളി
പാലക്കാട്: മണ്ണാര്‍ക്കാട് നിപ കണ്ടെയ്ന്‍മെന്റ് സോണില്‍ പോലീസും യുവാവും തമ്മില്‍ കയ്യാങ്കളി. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടെത്തിയ യുവാവിനെ പോലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ഇരുവരും തെരുവില്‍ ഏറ്റുമുട്ടിയത്. പൊലീസുകാരന്‍ അസഭ്യം പറഞ്ഞെന്നാണ് ആരോപണം. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും പോലീസ് യുവാവിനെ മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
നിപ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും പുറത്തുപോകുന്നതിനായി ഇരു ചക്രവാഹനത്തിലെത്തിയ യുവാവ് പോലീസിനോട് തട്ടികയറുകയായിരുന്നു. ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പോലീസ് നിയന്ത്രണം കര്‍ശനമാക്കിയിരുന്നു. ഇതിനിടയിലാണ് യുവാവ് പുറത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെത്തിയതെന്നാണ് വിവരം.
പോലീസ് ഉദ്യോഗസ്ഥന്‍ യുവാവിന്റെ ചെവിയിലെന്തോ പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് അസഭ്യമായിരുന്നുവെന്നാണ് യുവാവിന്റെ ആരോപണം. ഇതിന് പിന്നാലെ ഇരുവരുടെയും വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. പെരിമ്പടാരി ഭാഗത്താണ് സംഭവം. വാഹനം തടയാന്‍ പൊലീസിനൊപ്പം നില്‍ക്കുന്നത് കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരാണെന്ന് യുവാവ് പറഞ്ഞതോടെയാണ് തര്‍ക്കമായത്. തുടര്‍ന്ന് യുവാവിനെ പൊലീസുകാരന്‍ മര്‍ദിക്കുകയായിരുന്നു.