ഹൃദയം മാറ്റിവയ്ക്കലിനേക്കാള്‍ അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയ; 15 ലക്ഷം സ്വകാര്യ ആശുപത്രികള്‍ ബില്ലിടുന്ന ഈ ശസ്ത്രക്രിയയ്ക്ക് ചെലവ് 3 ലക്ഷം; ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയധമനി മാറ്റിവച്ചു

Update: 2025-07-17 08:12 GMT

ആലപ്പുഴ: അപൂര്‍വ ശസ്ത്രക്രിയയിലൂടെ ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയധമനി മാറ്റിവച്ചു. ഹൃദയത്തില്‍നിന്ന് തലച്ചോറിലേക്ക് പോകുന്ന രക്തധമനിക്ക് വീക്കംവന്ന് അപകടാവസ്ഥയിലായ കാര്‍ത്തികപ്പള്ളി പുത്തന്‍മണ്ണേല്‍ രണദേവ്(66) പുതുജീവിതത്തിലേക്ക്. പത്തുമണിക്കൂര്‍ നീണ്ടു നിന്നും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ.

ഹൃദയംമാറ്റിവയ്ക്കലിനേക്കാള്‍ അതീവ സങ്കീര്‍ണമായ ഈ ശസ്ത്രക്രിയക്ക്, സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ സംരക്ഷണ പദ്ധതിയില്‍ മൂന്നു ലക്ഷം മാത്രമാണ് ചെലവായത്. ശബ്ദവ്യത്യാസവുമായാണ് രണദേവ് ഇഎന്‍ടി ഒപിയിലെത്തിയത്. നെഞ്ചിന്റെ സി ടി സ്‌കാന്‍ പരിശോധനയിലാണ് ഹൃദയത്തില്‍നിന്ന് ശുദ്ധരക്തം ശരീരഭാഗങ്ങളിലേക്ക് എത്തിക്കുന്ന മഹാധമനിയില്‍നിന്ന് തലച്ചോറിലേക്ക് രക്തം പോകുന്ന ധമനിക്ക് സമീപം വീക്കം (അയോര്‍ട്ടിക് ആര്‍ച്ച് അന്യൂറിസം) കണ്ടെത്തിയത്. ഏതുനിമിഷവും പൊട്ടി ജീവന്‍ അപകടത്തിലാകുന്ന സ്ഥിതിയിലായിരുന്നു ഈ വീക്കം. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന രോഗാവസ്ഥ കണ്ടെത്തിയ ഡോക്ടര്‍മാര്‍, രണദേവിനെ സൂപ്പര്‍ സ്പെഷ്യാലിറ്റിയിലെ ഹൃദയശസ്ത്രക്രിയ വിഭാഗത്തിലേക്ക് മെയ് 12ന് മാറ്റി.

30ന് അതിസങ്കീര്‍ണ ശസ്ത്രക്രിയ നടത്തി. 48 മണിക്കൂര്‍ സിടിവിഎസ് ഐസിയുവില്‍ കഴിഞ്ഞ രണദേവിനെ പൂര്‍ണബോധം തിരിച്ചുകിട്ടിയ ശേഷം വെന്റിലേറ്ററില്‍നിന്ന് മാറ്റി. അഞ്ചുദിവസം തീവ്രപരിചരണത്തിനു ശേഷം ആരോഗ്യവാനായി ആശുപത്രിവിട്ടു. ശസ്ത്രക്രിയക്ക് ആവശ്യമായ വിലയേറിയ ഉപകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്പ്) ഉള്‍പ്പെടുത്തിയതിനാല്‍ മൂന്നുലക്ഷം രൂപ മാത്രം ചെലവില്‍ ഒതുക്കാനുമായി. സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷം രൂപ ചെലവുവരും ഈ ശസ്ത്രക്രിയ.

Similar News