കര്‍ക്കിടക വാവുബലി: മദ്യനിരോധനം ഏര്‍പ്പെടുത്തി; നടപടി അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമെന്ന് വിശദീകരണം
By : സ്വന്തം ലേഖകൻ
Update: 2025-07-17 08:17 GMT
തിരുവനന്തപുരം: ജൂലൈ 24ലെ കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് തിരുവനന്തപുരം കോര്പ്പറേഷന്, വര്‍ക്കല മുനിസിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ മദ്യവില്‍പ്പനശാലകളുടേയും പ്രവര്‍ത്തനം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജൂലൈ 23ന് രാത്രി 12 മുതല്‍ 24ന് ഉച്ചയ്ക്ക് 2 മണിവരെയാണ് മദ്യനിരോധനം.
തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, അരുവിക്കര ദേവീക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം എന്നിവിടങ്ങളില്‍ ബലിതര്‍പ്പണത്തിനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് എത്തുന്ന സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.