വീടിനുളളില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വര്‍ണാഭരണം കവര്‍ന്നു; അമ്മയുടെ വസ്ത്രം കീറി; 23കാരന്‍ പിടിയില്‍
പൂന്തുറ: വീടിനുളളില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വര്‍ണാഭരണം കവര്‍ന്ന 23കാരന്‍ പിടിയില്‍. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂന്തുറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. മാണിക്യവിളാകം സമ്മില്‍ മോനെ(23) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ 15-ന് അര്‍ധരാത്രിയായിരുന്നു സംഭവം. വീടിനുളളിലേക്ക് കയറിയ പ്രതി ഉറങ്ങുകയായിരുന്ന കുട്ടിയുടെ മാല പൊട്ടിച്ചെടുത്തശേഷം ഒപ്പമുണ്ടായിരുന്ന അമ്മയുടെ വസ്ത്രം കത്രികകൊണ്ട് മുറിച്ചുമാറ്റി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ ഉറക്കമുണര്‍ന്നപ്പോഴായിരുന്നു വസ്ത്രം കീറിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു കുഞ്ഞിന്റെ ഒരു പവന്‍ വരുന്ന മാലയും നഷ്ടപ്പെട്ടതറിയുന്നത്. ഇതേ തുടര്‍ന്ന് പൂന്തുറ പോലീസില്‍ പരാതില്‍ നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.എച്ച്.ഒ എസ്.ഐ. മാരായ വി.സുനില്‍, ശ്രീജേഷ്, നവീന്‍ ജോര്‍ജ്, സി.പി.ഒ.മാരായ ദീപക്, രാജേഷ്, സനല്‍, അനീഷ് എന്നിവരുടെ നേത്യത്വത്തില്‍ ബീമാപളളി, മാണിക്യവിളാകം അടക്കമുളള മേഖലകളില്‍ സ്ഥാപിച്ചിട്ടുളള സിസിടിവികളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു പ്രതിയെ അറസ്റ്റുചെയ്തത്. ലഹരിവസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് സമ്മിലെന്ന് എസ്.ഐ. വി. സുനില്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.