ക്ലാസ് മുറിയില്‍ വച്ച് അധ്യാപികയെ പരിഹസിച്ചെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ സ്റ്റാഫ് റൂമില്‍വച്ച് മര്‍ദ്ദിച്ച് അധ്യാപകര്‍; രക്ഷിതാക്കളുടെ പരാതിയില്‍ അന്വേഷണം

Update: 2025-07-19 14:58 GMT

കാസര്‍കോട്: അധ്യാപികയെ പരിഹസിച്ചെന്ന് ആരോപിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കാസര്‍കോട് നായന്മാര്‍മൂല തന്‍ബിയല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ക്ക് എതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. അധ്യാപികയെ പരിഹസിച്ചെന്ന് ആരോപിച്ച് മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് കുട്ടിയെ സ്റ്റാഫ് റൂമിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തടിക്കുകയും കോളറില്‍ പിടിച്ച് ബെഞ്ചിലേക്ക് എറിയുകയും ചെയ്തു. പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് രക്ഷിതാക്കള്‍.

ക്ലാസ് മുറിയില്‍ വച്ച് അധ്യാപികയെ പരിഹസിച്ചു എന്ന് ആരോപണത്തില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതായാണ് പരാതി. സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച കുട്ടിയെ മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് കൈകൊണ്ട് മുഖത്ത് അടിക്കുകയും ശരീരമാസകലം ചൂരല്‍ ഉപയോഗിച്ച് അടിക്കുകയും, കോളറില്‍ പൊക്കിയെടുത്ത് ബെഞ്ചിലേക്ക് എറിയുകയും ആയിരുന്നു. ഭയന്നും വിറച്ച കുട്ടി മൂത്രമൊഴിച്ചിട്ടും കലിയടകാതെ പിതാവിനെ ഉള്‍പ്പെടെ ചേര്‍ത്ത് അസഭ്യവും വിളിച്ചു.

പിതാവ് അറിയാതെ, മുമ്പ് ഇതേ സ്‌കൂളില്‍ പഠിച്ച കുട്ടിയുടെ സഹോദരന്‍ അധ്യാപകരെ വിളിച്ച് വിഷയം തിരക്കിയെങ്കിലും, ധാര്‍ഷ്ട്യത്തോടെ കേസ് കൊടുക്കാനായിരുന്നു മറുപടി. പിന്നീട് പിതാവ് ബന്ധപ്പെട്ടപ്പോഴും മറുപടി ആവര്‍ത്തിച്ചു. കഴിഞ്ഞ ബുധനാഴ്ച ഉണ്ടായ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തിയ ശേഷമാണ് കുടുംബം പൊലീസില്‍ പരാതി നല്‍കുന്നത്.

Similar News