ഒടുവില്‍ കെഎസ്ഇബി കണ്ണുതുറന്നു; മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റി; നടപടി, വിദ്യാര്‍ഥിയുടെ ജീവന്‍ പൊലിഞ്ഞതില്‍ വിമര്‍ശനം ഉയരുന്നതിനിടെ

ഒടുവില്‍ കെഎസ്ഇബി കണ്ണുതുറന്നു; മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റി

Update: 2025-07-19 16:19 GMT

കൊല്ലം: തേവലക്കര ബോയ്സ് എച്ച് എസില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ കെഎസ്ഇബി നീക്കം ചെയ്തു. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തിയാണ് സ്‌കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന് വൈദ്യുതി ലൈന്‍ മാറ്റിയത്. ഇന്നലെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വൈദ്യുതി ലൈന്‍ മാറ്റാന്‍ ധാരണയായിരുന്നു. പിന്നാലെയാണ് നടപടി.

സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച സൈക്കിള്‍ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് 13കാരനായ മിഥുന് ജീവന്‍ നഷ്ടമായത്. ക്ലാസില്‍ ചെരുപ്പ് എറിഞ്ഞുകളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിന് മുകളില്‍ വീണു. അത് എടുക്കാന്‍ ബെഞ്ചും ഡെസ്‌കും ചേര്‍ത്തിട്ട് കയറുന്നതിനിടെ മിഥുന്‍ തെന്നി വീഴാനായുകയും, വൈദ്യുതി ലൈനില്‍ പിടിക്കുകയുമായിരുന്നു. മരണത്തില്‍ പൊലീസ് അന്വേഷണവും തുടരുകയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നത്.

സ്‌കൂളിലെ തകര ഷീറ്റ് പാകിയ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയ മിഥുന്‍ ത്രീഫേസ് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിക്കുകയായിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് സ്‌കൂളിലെത്തിയ മിഥുന്‍ ക്ലാസ് മുറിയില്‍ സഹപാഠികള്‍ക്കൊപ്പം കളിക്കുകയായിരുന്നു. സഹപാഠിയുടെ ചെരുപ്പ് തകരഷെഡിന് മുകളില്‍ വീണു. ഇതെടുക്കാനായി ഡെസ്‌ക്കിന് മുകളില്‍ കസേരയിട്ട് മിഥുന്‍ അരഭിത്തിക്ക് മുകളിലുള്ള തടിപ്പാളികള്‍ക്കിടയിലൂടെ ഷെഡിന് മുകളില്‍ ഇറങ്ങി. ചെരുപ്പിന് അടുത്തേക്ക് നടക്കവേ, കാല്‍വഴുതി ത്രീ ഫേസ് ലോ ടെന്‍ഷന്‍ വൈദുതി ലൈനിലേയ്ക്ക് വീഴുകയായിരുന്നു.

സഹപാഠികളുടെ നിലവിളി കേട്ട് ഓടിയെത്തിയ കായികാദ്ധ്യാപകന്‍ തടിപ്പാളികള്‍ പൊളിച്ച് ഷെഡിന് മുകളില്‍ കയറി പലക ഉപയോഗിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൂടുതല്‍ അദ്ധ്യാപകരുടെ സഹായത്തോടെ ബെഞ്ച് ഉപയോഗിച്ച് മിഥുനെ വേര്‍പ്പെടുത്തുകയായിരുന്നു. പൊള്ളല്‍ ഏറ്റിരുന്നില്ലെങ്കിലും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മരിച്ചു.

സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച മിഥുന് കണ്ണീരോടെ വിട നല്‍കി നാടും കുടുംബവും. വിദേശത്ത് നിന്നും അമ്മ സുജ രാവിലെ കൊച്ചിയിലെത്തിയതിന് പിന്നാലെ, താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം വിലാപയാത്രയായി തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചു. പ്രിയ കൂട്ടുകാരനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും സഹപാഠികളും അധ്യാപകരും പ്രദേശവാസികളുമടക്കം നൂറുകണക്കിന് ആളുകളാണ് സ്‌കൂള്‍ മുറ്റത്തേക്ക് ഒഴുകിയെത്തിയത്. അമ്മ സുജയും അച്ഛന്‍ മനുവും മിഥുന് അന്ത്യ ചുംബനം നല്‍കി. അനിയന്‍ സുജിന്‍, മിഥുന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് ചിതയ്ക്ക് തീ കൊളുത്തി.

Similar News