കൊല്ലത്ത് ലഹരിവേട്ട; എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും അറസ്റ്റില്‍; പിടികൂടിയത് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ വിതരണം ചെയ്യാന്‍ എത്തിച്ച രാസലഹരി

കൊല്ലത്ത് ലഹരിവേട്ട; എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും അറസ്റ്റില്‍

Update: 2025-07-22 12:16 GMT

കൊല്ലം: കൊല്ലത്ത് വന്‍ ലഹരിവേട്ട. എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയിലായി. 3.87 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ചന്ദനത്തോപ്പ് ഇടവട്ടം രഞ്ജുമന്ദിരത്തില്‍ അച്ചു (30), എറണാകുളം പച്ചാളം, ഓര്‍ക്കിഡ് ഇന്റര്‍നാഷണല്‍ അപ്പാര്‍ട്ട്‌മെന്റില്‍ സിന്ധു (30) എന്നിവരാണ് കൊല്ലം സിറ്റി ഡാന്‍സാഫ് സംഘവും ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ രഹസ്യനീക്കത്തിനിടെ പിടിയിലായത്.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ വിതരണം ചെയ്യാന്‍ എത്തിച്ച മയക്കുമരുന്നാണ് പോലീസ് സംഘത്തിന്റെ പരിശ്രമത്തിലൂടെ പിടികൂടാനായത്. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം എസ്എന്‍ കോളേജിനുസമീപമുള്ള സ്വകാര്യ റെസിഡന്‍സിയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

പരിശോധനയില്‍ അച്ചുവിന്റെ പക്കല്‍നിന്ന് 1.985 ഗ്രാമും സിന്ധുവിന്റെ പക്കല്‍നിന്ന് 1.884 ഗ്രാമും എംഡിഎംഎ പോലീസ് കണ്ടെടുക്കുകയായിരുന്നു. 2023-ല്‍ 88 ഗ്രാമിലധികം എംഡിഎംഎ കടത്താന്‍ ശ്രമിച്ചതിന് പാലക്കാട് കൊല്ലങ്കോട് പോലീസും ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം ഇതുവരെ 56 കേസുകളിലായി 58 പേരെയാണ് എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുമായി കൊല്ലം സിറ്റി പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 115.789 ഗ്രാം എംഡിഎംഎയും 20.72 കിലോ കഞ്ചാവും 28.38 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 1.11 ഗ്രാം നൈട്രോസന്‍ ഗുളികകളും പോലീസ് പിടിച്ചെടുത്തു.

കൊല്ലം എസിപി ഷരീഫിന്റെ മേല്‍നോട്ടത്തില്‍ കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ സവിരാജന്‍, ഷൈജു, അശോകന്‍, സിപിഒമാരായ അനീഷ്, രാഹുല്‍, ആദര്‍ശ്, വനിതാ സിപിഒ രാജി എന്നിവരും എസ്ഐ സായിസേനന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Similar News