ജല്‍ ജീവന്‍ പദ്ധതി; ഏറ്റവും പിന്നില്‍ കേരളമെന്ന് കേന്ദ്രം

ജല്‍ ജീവന്‍ പദ്ധതി; ഏറ്റവും പിന്നില്‍ കേരളമെന്ന് കേന്ദ്രം

Update: 2025-07-26 02:27 GMT

തിരുവനന്തപുരം: എല്ലാ ഗ്രാമീണവീടുകളിലും കുടിവെള്ളം ഉറപ്പാക്കുന്ന ജല്‍ ജീവന്‍ പദ്ധതിയില്‍ രാജ്യത്ത് ഏറ്റവും പിന്നില്‍ കേരളമെന്ന് കേന്ദ്രം. ദേശീയതലത്തില്‍ പദ്ധതിയുടെ 80.95 ശതമാനം പൂര്‍ത്തിയായപ്പോള്‍ കേരളത്തിലിത് 54.66 ശതമാനം മാത്രമാണ്. 11 സംസ്ഥാനങ്ങള്‍ എല്ലാ ഗ്രാമീണവീടുകളിലും പൈപ്പ് കണക്ഷന്‍ നല്‍കി. എന്നാല്‍ കേരളം ഏറ്റവും പിന്നിലേക്ക് പോയി. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന കാരണം.

അഞ്ചുവര്‍ഷം ലക്ഷ്യമിട്ട് 2020-ല്‍ തുടങ്ങിയ പദ്ധതി ഇപ്പോള്‍ 2028 വരെ നീട്ടിയിട്ടുണ്ട്. അരക്കോടിയിലേറെ കണക്ഷനുകള്‍ നല്‍കിയ തെലങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ലക്ഷ്യം കൈവരിച്ചു. രണ്ടുകോടിയിലേറെ കണക്ഷനുകള്‍ നല്‍കിയ ഉത്തര്‍പ്രദേശ്, ഒരുകോടിയിലേറെ കണക്ഷന്‍ നല്‍കിയ മഹാരാഷ്ട്ര, തമിഴ്നാട്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളും 90 ശതമാനമോ അതിനുമുകളിലോ എത്തി. രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, കേരളം എന്നിവ 60 ശതമാനത്തിലും താഴെമാത്രമേ കണക്ഷന്‍ നല്‍കിയിട്ടുള്ളൂ.

സാമ്പത്തികപ്രതിസന്ധിയാണ് കേരളത്തെ പിന്നിലേക്ക് വലിക്കുന്നത്. 44,000 കോടി രൂപയോളമാണ് കേരളത്തിലെ അടങ്കല്‍ തുക. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സംയുക്തമായാണ് പണംനല്‍കുന്നത്. 11,643 കോടി ഇതുവരെ ചെലവഴിച്ചു.

2023-24 സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാര്‍ 70,000 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചത്. എന്നാല്‍, കേരളത്തിന് സാമ്പത്തികപ്രതിസന്ധികാരണം കേന്ദ്രം അനുവദിച്ച തുകപോലും ഉപയോഗപ്പെടുത്താനായില്ല. തുല്യവിഹിതം സംസ്ഥാനംകൂടി അനുവദിച്ചാലേ തുക ചെലവഴിക്കാനാകൂ. 4000 കോടി രൂപയോളം കരാറുകാര്‍ക്ക് കുടിശ്ശികയുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും കേരളത്തിലെയും സാമൂഹികസ്ഥിതി വ്യത്യസ്തമായത് പദ്ധതിയെ ബാധിച്ചെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. കേരളത്തിലെ ഗ്രാമങ്ങള്‍ നഗരമേഖലപോലെയാണ്. ടാര്‍ കട്ടിങ് അടക്കമുള്ള വിഷയങ്ങള്‍ കേരളത്തിലെ പദ്ധതിനടത്തിപ്പിനെ ബാധിച്ചെന്നും പറയുന്നു.

Tags:    

Similar News