ബൈക്കില്‍ ചപ്പാത്ത് കടക്കാന്‍ ശ്രമിക്കവെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു; കല്ലില്‍ പിടിച്ച് രക്ഷപ്പെട്ടു

ബൈക്കില്‍ ചപ്പാത്ത് കടക്കാന്‍ ശ്രമിക്കവെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു; കല്ലില്‍ പിടിച്ച് രക്ഷപ്പെട്ടു

Update: 2025-07-27 03:00 GMT

പന്നിമറ്റം: കനത്തമഴയില്‍ ബൈക്കില്‍ ചപ്പാത്ത് കടക്കാന്‍ ശ്രമിക്കവെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു. അല്പദൂരം ഒഴുകി പോയ യുവാവ് കല്ലില്‍പിടിച്ചുനിന്ന് രക്ഷപ്പെട്ടു. തോടിന് താഴേക്ക് ഒഴുകിപ്പോയ ബൈക്ക് പിന്നീട് കണ്ടെത്തി. വെള്ളിയാമറ്റം മൈലാടി മുണ്ടയ്ക്കല്‍ പതിക്കമല തോടിന് കുറുകെയുള്ള ചപ്പാത്ത് കടക്കുന്നതിനിടെ കാഞ്ഞിരത്തിങ്കല്‍ നികേഷ് (20) ആണ് അപകടത്തില്‍പ്പെട്ടത്.

ശനിയാഴ്ച വൈകീട്ട് അഞ്ചിന് പതിക്കമലയിലെ വീട്ടില്‍നിന്ന് തൊടുപുഴയിലേക്ക് പോകുമ്പോഴാണ് സംഭവം. മഴപെയ്യുമ്പോള്‍ ചപ്പാത്തിലൂടെ വെള്ളം കയറാറുണ്ട്. ആ സമയത്തും വാഹനങ്ങളും കാല്‍നടക്കാരും ചപ്പാത്ത് മുറിച്ചുകടക്കും. എന്നാല്‍, ശനിയാഴ്ച ഒഴുക്ക് കൂടുതലുണ്ടായിരുന്നു. ഇതറിയാതെ നികേഷ് ചപ്പാത്ത് മുറിച്ചുകടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം.

മുന്‍ചക്രം കയറിയപ്പോള്‍തന്നെ നിയന്ത്രണം നഷ്ടപ്പെട്ട് നികേഷും ബൈക്കും തോട്ടിലേക്കുവീണു. കുറച്ചുദൂരം ഒഴുകിയശേഷം കല്ലില്‍ പിടിച്ചുകിടന്നു. അപ്പോഴേക്കും നാട്ടുകാരെത്തി. ഉരുളന്‍കല്ലിലും മറ്റും തട്ടി ദേഹത്ത് പരിക്കേറ്റിരുന്നു. പന്നിമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ബൈക്ക് കരയിലെത്തിച്ചു.കോതമംഗലം ഇന്ദിരാഗാന്ധി എന്‍ജിനീയറിങ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് നികേഷ്.

Tags:    

Similar News