കനത്ത മഴ തുടരുന്നു; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി; കോട്ടയത്ത് ഭാഗിക അവധി

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Update: 2025-07-27 16:33 GMT

കോട്ടയം: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തിങ്കളാഴ്ച അവധി. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടുതലായതിനാല്‍ കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാം സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കുട്ടനാട് താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും തിങ്കളാഴ്ച അവധി ആയിരിക്കുമെന്നാണ് കലക്ടര്‍ അറിയിച്ചത്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധിയാണ്.

ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ട്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. വടക്കന്‍- മധ്യ കേരളത്തില്‍ മഴയും കാറ്റും കൂടാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ പൊതുവെ മഴ കുറയും.

മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സമുണ്ടായി. 9-ാം വളവിനു താഴെ പാറക്കല്ലുകളും നാലാം വളവില്‍ മരവും വീണു. മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കോഴിക്കോട് മലയോര മേഖലകളില്‍ അതിശക്തമായ മഴ ലഭിച്ചു. കനത്ത മഴയില്‍ ചാലക്കുടിയില്‍ വെള്ളക്കെട്ടുണ്ടായി. ദേശീയപാതയിലെ അടിപ്പാതയില്‍ വെള്ളം കയറി.

കോഴിക്കോട് കുറ്റ്യാടിയില്‍ വീടിനു മുകളില്‍ തെങ്ങ് വീണു. കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വയനാട്ടില്‍ പരക്കെ മഴ ലഭിച്ചു. കാറ്റ് ശക്തമായതിനാല്‍ മത്സ്യബന്ധനത്തിന് ചില മേഖലകളില്‍ വിലക്കുണ്ട്. പൊരിങ്ങല്‍ക്കുത്ത്, കക്കയം, മാട്ടുപെട്ടി, ഷോളയാര്‍, പീച്ചി, പഴശ്ശി, ആളിയാര്‍ ഡാമുകള്‍ തുറന്നു.

Similar News