'അയ്യപ്പന്റെ അനിഷ്ടം ഉണ്ടായി; കോടികള്‍ ചെലവഴിച്ചിട്ടും പരിപാടി പരാജയപ്പെട്ടു; സ്ത്രീകളെ ശബരിമലയില്‍ കയറ്റിയതില്‍ ഖേദിക്കുന്നുവെന്ന് പറയൂ'; ആഗോള അയ്യപ്പ സംഗമം പരാജയമെന്ന് രമേശ് ചെന്നിത്തല
ആഗോള അയ്യപ്പ സംഗമം പരാജയമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമം പരാജയമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് തിരഞ്ഞെടുപ്പ് നോക്കി നടത്തിയ അടവാണെന്ന് തെളിഞ്ഞു. ഭക്തരെ കബളിപ്പിക്കുന്ന ഇത്തരം ഏര്‍പ്പാടുകള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
''അയ്യപ്പന്റെ അനിഷ്ടം ഉണ്ടായി . കോടികള്‍ ചെലവഴിച്ചിട്ടും പരിപാടി പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ പാര്‍ട്ടിക്കാരെ മാത്രമാണ് എത്തിച്ചത്. കസേരകള്‍ എല്ലാം ഒഴിഞ്ഞുകിടന്നു, ചര്‍ച്ച ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല'' ചെന്നിത്തല പറഞ്ഞു.
''ഇത് തിരഞ്ഞെടുപ്പ് നോക്കി നടത്തിയ അടവാണെന്ന് തെളിഞ്ഞു. സ്ത്രീപ്രവേശനത്തെ കുറിച്ച് വാദിച്ച മുഖ്യമന്ത്രി ഒരു വാക്ക് പോലും പറഞ്ഞില്ല. ഖേദം പ്രകടിപ്പിച്ചില്ല. പിണറായി ഭക്തനാണോ? ഞാന്‍ ഭക്തനാണ്. എന്നാല്‍ പിണറായി വിജയന്‍ സ്ത്രീകളെ കയറ്റിയതില്‍ ഖേദിക്കുന്നു എന്നു പറയണം. അത് പറയാന്‍ മുഖ്യമന്ത്രി തയ്യാറാണോ?'' ചെന്നിത്തല ചോദിച്ചു.
ആഗോള അയ്യപ്പസംഗമത്തിന് സമാപനമായി. മൂന്ന് സെഷനുകളിലായി ചര്‍ച്ചകള്‍ നടന്നു.ഉദ്ഘാടന വേദിയില്‍ ഭഗവത് ഗീതയും ഉപനിഷത്തും ഉദ്ധരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. അയ്യപ്പസംഗമം തടയാന്‍ ശ്രമിച്ചവര്‍ നിക്ഷിപ്ത താല്‍പര്യക്കാരാണ്. ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം എന്ന വാദം ഉന്നയിച്ചവര്‍ക്ക് കണക്കുകള്‍ നിരത്തി ആയിരുന്നു മറുപടി. ശബരി റയിലും റോപ് വേയും വിമാനത്താവളവും യാഥാര്‍ഥ്യമാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഗമത്തില്‍ പ്രതീക്ഷിച്ച പ്രതിനിധികള്‍ എത്തിയില്ല. രജിസ്റ്റര്‍ ചെയ്തതില്‍ 623 പേര്‍ മാത്രമാണ് വേദിയില്‍ എത്തിയത്.ഓണ്‍ലൈന്‍ വഴി 4,245പേരാണ് രജിസ്റ്റര്‍ ചെയ്തത്.ദേവസ്വം ബോര്‍ഡ് നേരിട്ട് ക്ഷണിച്ച അഞ്ഞൂറിലധികം പ്രതിനിധികളും പരിപാടിയുടെ ഭാഗമായി.രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.