എം പരിവാഹന്‍ തട്ടിപ്പ് കേസ്; പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഉറച്ച് പോലിസ്

എം പരിവാഹന്‍ തട്ടിപ്പ് കേസ്; പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഉറച്ച് പോലിസ്

Update: 2025-07-28 02:24 GMT

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ എം പരിവാഹന്‍ ആപ്പിന്റെ മറവില്‍ കോടികള്‍ തട്ടിയ കേസിലെ പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് തിങ്കളാഴ്ച കോടതിയെ സമീപിക്കും. ഉത്തര്‍പ്രദേശ് സ്വദേശികളായ അതുല്‍കുമാര്‍ സിങ്, മനീഷ് സിങ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്ത് തട്ടിപ്പിന്റെ രീതിയെക്കുറിച്ചും കൂട്ടുപ്രതികളെക്കുറിച്ചും കൂടുതല്‍ വ്യക്തത വരുത്താനാണ് ശ്രമം. ഇവരില്‍നിന്നു പിടിച്ചെടുത്ത അഞ്ച് മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചു വരുകയാണ്.

മൂന്നാംപ്രതി 16 വയസ്സുകാരനാണ്. ഇയാളാണ് എപികെ ഫയല്‍ ഉണ്ടാക്കുകയും തട്ടിപ്പിന് കളമൊരുക്കുകയും ചെയ്തത്. ഇയാളോട് 10 ദിവസത്തിനകം കംപ്യൂട്ടറും മറ്റുപകരണങ്ങളുമായി മാതാപിതാക്കള്‍ക്കൊപ്പം കാക്കനാട് സൈബര്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. വാഹന ഉടമകളുടെ വിവരങ്ങള്‍ ലഭിച്ചത് 2023-ലുണ്ടായ ഡേറ്റ ചോര്‍ച്ചയെ തുടര്‍ന്നാണെന്നാണ് സൂചന. എംപരിവാഹന്‍ വെബ്‌സൈറ്റില്‍നിന്ന് പതിനായിരക്കണക്കിന് വാഹന ഉടമകളുടെ വിവരങ്ങള്‍ ചോര്‍ന്നത് ദേശീയ തലത്തില്‍ വിവാദമായിരുന്നു.

കൊച്ചി നഗരത്തില്‍മാത്രം 96 പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്താകെ പണം നഷ്ടമായത് 575 പേര്‍ക്കാണ്. കേരളത്തില്‍ മാത്രം ഇവര്‍ തട്ടിയെടുത്തത് 50 ലക്ഷത്തോളം രൂപയാണെന്ന് കണ്ടെത്തിയിരുന്നു. പ്രതികളുടെ ഫോണില്‍നിന്ന് 2700 വാഹന ഉടമകളുടെ വിവരങ്ങള്‍ ലഭിച്ചിരുന്നു.

Tags:    

Similar News