കോഴിക്കോട് മീഞ്ചന്തയില്‍ ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ന്നു വീണു; വിദ്യാര്‍ഥിക്ക് പരുക്ക്

കോഴിക്കോട് മീഞ്ചന്തയില്‍ ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ന്നു വീണു; വിദ്യാര്‍ഥിക്ക് പരുക്ക്

Update: 2025-07-28 11:19 GMT

കോഴിക്കോട്: മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന് സമീപമുള്ള ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ന്ന് വിദ്യാര്‍ഥിക്ക് പരുക്ക്. അഭിഷ്‌നയെന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിക്കാണ് കാലില്‍ പരുക്കേറ്റത്. ഈ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന്റെ എല്ലിന് പൊട്ടലുണ്ട്. നരിക്കുനി സ്വദേശിനിയാണ്.

കോഴിക്കോട് നഗരസഭ സ്ഥാപിച്ച് കരാര്‍ കമ്പനിക്ക് പരിപാലനത്തിനായി ലീസിനു കൊടുത്ത നഗരത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്‍ ഒന്നാണിത്. നടപ്പാതയോരത്തു മൂന്നു തൂണുകളിലായി സ്ഥാപിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണുകളുടെ ചുവടുകള്‍ ദ്രവിച്ച നിലയിലായിരുന്നു.

ഈ കാത്തിരിപ്പുകേന്ദ്രത്തില്‍ പതിച്ച പരസ്യത്തിന്റെ ഫ്‌ലെക്‌സ് മാറ്റാന്‍ പ്രഭു എന്ന തൊഴിലാളി മുകളില്‍ കയറിയതിനിടെയാണ് കാത്തിരിപ്പു കേന്ദ്രം തകര്‍ന്നുവീണത്. ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയുടെ കാലില്‍ ഷെഡിന്റെ ഭാഗം പതിക്കുകയായിരുന്നു. പരസ്യം മാറ്റാനെത്തിയ പ്രഭുവിനും കാലില്‍ നേരിയ പരുക്കേറ്റു. ബസ് കാത്ത് നിന്നിരുന്ന മറ്റുള്ളവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

നാലോളം പേര്‍ ബസ് കാത്തുനിന്ന ഷെഡ് തകരുന്ന ശബ്ദം കേട്ട് മുന്നോട്ട് ഓടിമാറിയ അഭിഷ്‌നയുടെ കാലില്‍ ഷെഡ് പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കോളജിനു സമീപത്തു പ്രവര്‍ത്തിക്കുന്ന മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരും നാട്ടുകാരും ഓടിക്കൂടിയാണ് അഭിഷ്‌നയെ ഷെഡിനടിയില്‍ നിന്ന് നീക്കി ആശുപത്രിയിലേക്ക് മാറ്റിയത്. കോളജ് വിടുന്ന സമയത്ത് ഒട്ടേറെപ്പേര്‍ ബസ് കാത്തുനില്‍ക്കുന്ന ഷെഡാണ് പൊളിഞ്ഞുവീണത്.

Similar News