ആണ്‍സുഹൃത്തിനെ രക്ഷിക്കാന്‍ സ്‌കൂള്‍ സുരക്ഷാ ജീവനക്കാരന്‍ പീഡിപ്പച്ചെന്ന് കള്ള മൊഴി; 75കാരന്‍ ജയിലില്‍ കിടന്നത് 285 ദിവസം: ഒടുവില്‍ നിരപരാധി എന്ന് തെളിഞ്ഞതോടെ വെറുതെ വിട്ടു
285 ദിവസം ജയിലിലായിരുന്ന എഴുപത്തിയഞ്ചുകാരനെ കോടതി വെറുതേ വിട്ടു
ആലപ്പുഴ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കള്ള മൊഴി എഴുപത്തിയഞ്ചുകാരനെ ജയിലിലാക്കിയത് 285 ദിവസം. ഒടുവില്‍ സ്‌കൂള്‍ സുരക്ഷാജീവനക്കാരനായ എഴുപത്തിയഞ്ചുകാരന്‍ നിരപരാധി എന്ന് കണ്ടെത്തിയതോടെ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് പോക്‌സോ പ്രത്യേക കോടതി വെറുതേ വിട്ടു. ആണ്‍സുഹൃത്തിനെ രക്ഷിക്കാന്‍ അതിജീവിത പോലീസിനു നല്‍കിയ കള്ളമൊഴിയാണ് 75കാരനെ ജയിലിലാക്കിയത്. വിചാരണവേളയില്‍ അതിജീവിത സത്യം വെളിപ്പെടുത്തിയപ്പോള്‍ ആണ്‍സുഹൃത്ത് പ്രതിയായി.
2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. അച്ഛന്‍ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി അമ്മയും ഒത്താണ് താമസം. പെണ്‍കുട്ടി പഠിക്കുന്ന സ്്കൂളിലെ സുരക്ഷാജീവനക്കാരനായ എഴുപത്തിയഞ്ചുകാരന്‍ ഈ കുടുംബവുമായി അടുപ്പത്തിലായിരുന്നു. ഇദ്ദേഹം പീഡിപ്പിച്ചെന്ന് സ്‌കൂളിലെ സഹപാഠികളോടാണ് ആദ്യം പറഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ ആലപ്പുഴ നോര്‍ത്ത് പോലീസിനെ അറിയിച്ചതോടെ ഇയാളെ അറസ്റ്റുചെയ്തു. റിമാന്‍ഡില്‍ കഴിയവേ 2023-ല്‍ വിചാരണ തുടങ്ങി.
പെണ്‍കുട്ടി പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തിനിടെ കോടതിയില്‍ പൊട്ടിക്കരഞ്ഞ് താന്‍ തെറ്റായ മൊഴിയാണു നല്‍കിയതെന്ന് അറിയിച്ചു. ആണ്‍സുഹൃത്താണ് പീഡിപ്പിച്ചതെന്നും അയാളെ രക്ഷിക്കാന്‍വേണ്ടിയാണ് തെറ്റായ മൊഴി നല്‍കിയതെന്നും കോടതിയില്‍ വെളിപ്പെടുത്തി. ഇതേത്തുടര്‍ന്ന് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു.
പുതിയ പോക്‌സോ കേസ് രജിസ്റ്റര്‍ചെയ്ത നോര്‍ത്ത് പോലീസ് ആണ്‍സുഹൃത്തിനെ അറസ്റ്റുചെയ്തു. ഈ കേസ് ഇപ്പോള്‍ ചെങ്ങന്നൂരിലെ പോക്‌സോ കോടതിയുടെ പരിഗണനയിലാണ്. എഴുപത്തിയഞ്ചുകാരന് 285 ദിവസത്തെ ജയില്‍വാസത്തിനുശേഷം ജാമ്യം ലഭിച്ചു. പുതിയ കേസ് വന്നെങ്കിലും ഇയാള്‍ക്കെതിരേയുള്ള കേസ് അവസാനിപ്പിച്ചിരുന്നില്ല.
എന്നാല്‍, ഇയാള്‍ നിരപരാധിയാണെന്ന് പെണ്‍കുട്ടി വീണ്ടും കോടതിയില്‍ മൊഴിനല്‍കുകയും അധ്യാപിക ഉള്‍പ്പെടെ ഒന്‍പതു സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് പ്രതി കുറ്റക്കാരനല്ലെന്ന് ജഡ്ജി റോയ് വര്‍ഗീസ് വിധിച്ചത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ പി.പി. ബൈജു, ഇ.ഡി. സഖറിയാസ് എന്നിവര്‍ ഹാജരായി.