ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ തോണി അപകടം: മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍ : പുതിയങ്ങാടിചൂട്ടാട്അഴിമുഖത്ത് ഫൈബര്‍ തോണി അപകടം കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അസം സ്വദേശി അബ്ദുള്‍ ഇസ്ലാം എന്ന അലി (35) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാവിലെ 8.45 മണിയോടെയാണ് അപകടം.
പുതിയങ്ങാടിയില്‍ നിന്നും നെജാസ് എന്ന ഫൈബര്‍ തോണിയില്‍ പോയ മത്സ്യ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മണല്‍തിട്ടയിലിടിച്ചതിനെ തുടര്‍ന്ന്ഒരു തൊഴിലാളി കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മറ്റു തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ പോലീസും മത്സ്യ തൊഴിലാളികളും നടത്തിയ തിരച്ചലിനിടെമൃതദേഹം 10.30 മണിയോടെ കണ്ടെത്തുകയായിരുന്നു .
മൃതദേഹം പഴയങ്ങാടി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ട് മത്സ്യ തൊഴിലാളികളാണ് ഇവിടെ നിന്നും മരിക്കുന്നത്. പുലിമുട്ടില്‍ മണല്‍തിട്ട അടിഞ്ഞു കിടക്കുന്നതാണ് വള്ളങ്ങള്‍ മറിഞ്ഞുണ്ടാകുന്ന അപകട കാരണമെന്ന് മത്സ്യ തൊഴിലാളികള്‍ പറഞ്ഞു.