തിരക്കേറിയ റോഡിലൂടെ അമിത വേഗത്തില്‍ കാറോടിച്ചത് അഞ്ച് കിലോമീറ്ററോളം; ഇടിച്ചു തകര്‍ത്തത് എട്ടു വാഹനങ്ങള്‍: മരണപ്പാച്ചില്‍ അവസാനിച്ചത് കാര്‍ മരത്തിലിടിച്ച്: മദ്യലഹരിയിലായിരുന്ന യുവാവ് അറസ്റ്റില്‍

തിരക്കേറിയ റോഡിലൂടെ കാറോടിച്ചത് അഞ്ച് കിലോമീറ്ററോളം; ഇടിച്ചു തകര്‍ത്തത് എട്ടു വാഹനങ്ങള്‍

Update: 2025-08-01 01:23 GMT

കോട്ടയം: മദ്യലഹരിയില്‍ തിരക്കേറിയ റോഡിലൂടെ അതിവേഗത്തില്‍ അഞ്ച് കിലോമീറ്ററോളം കാറോടിച്ച യുവാവ് ഇടിച്ചു തകര്‍ത്തത് എട്ട് വാഹനങ്ങള്‍. ഒടുവില്‍ മരത്തിലിടിച്ച് കാര്‍ നിന്നതോടെ മരണപ്പാച്ചിലിന് അന്ത്യമായി. കാര്‍ ഓടിച്ച പള്ളിക്കത്തോട് കടുമ്പശേരിയില്‍ ജുബിന്‍ ലാലു ജേക്കബിനെ ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വെസ്റ്റ് പൊലീസിന് കൈമാറി. ലഹരിയിലായിരുന്നു യുവാവിന്റെ പരാക്രമമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ വൈകിട്ട് കോട്ടയം നഗരത്തിലാണ് റോഡ് യാത്രികരെ പരിഭ്രാന്തരാക്കിയ സംഭവം. കോട്ടയം ചുങ്കം - മെഡിക്കല്‍ കോളജ് ബൈപാസ് റോഡിലൂടെയായിരുന്നു റോഡ് യാത്രക്കാരെ ഭീതിയിലാഴ്ത്തി കാറില്‍ യുവാവിന്റെ മരണപ്പാച്ചില്‍. ഇന്നലെ വൈകിട്ട് സിഎംഎസ് കോളജ് സമീപത്തുതുടങ്ങിയ യാത്ര കുടമാളൂര്‍ കോട്ടക്കുന്ന് വരെയാണ് ഭീതിവിതച്ചത്. ഒടുവില്‍ മരത്തിലിടിച്ചു കാര്‍ നിന്നതോടെയാണ് മരണപ്പാച്ചിലിന് അന്ത്യമായത്.

യുവാവിന്റെ കാര്‍ ചുങ്കം മുതല്‍ വാഹനങ്ങളില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. നാട്ടുകാരും മറ്റു യാത്രക്കാരും പിന്തുടര്‍ന്നെങ്കിലും കാര്‍ നിര്‍ത്തിയില്ല. കുടമാളൂരിന് സമീപം റോഡരികിലെ മരത്തിലിടിച്ചാണ് കാര്‍ നിന്നത്. പിന്നാലെ സംഭവ സ്ഥലത്തെത്തിയ പോലിസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍നിന്ന് പൊലീസ് മദ്യക്കുപ്പി കണ്ടെടുത്തു.

ലഹരിയിലായിരുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ജൂബിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അപകടത്തില്‍പ്പെട്ടവരില്‍ ഇരുചക്ര വാഹനയാത്രക്കാരുമുണ്ട്. ആര്‍ക്കും കാര്യമായ പരുക്കില്ല. ജുബിന്‍ കുടമാളൂരില്‍ വാടകയ്ക്കു താമസിക്കുകയാണ്. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ജൂബിനെ കഴിഞ്ഞ വര്‍ഷം മേയില്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നെന്ന് കെഎസ്?യു ജില്ലാ പ്രസിഡന്റ് കെ.എന്‍ നൈസാം അറിയിച്ചു. അതേസമയം ഇയാള്‍ രാജീവ്ഗാന്ധി ഫൗണ്ടേഷന്റെ ജില്ലാ ഭാരവാഹിയാണെന്ന് അറിയുന്നു.

Tags:    

Similar News