നമ്പര്‍ പ്ലേറ്റ് മറച്ച രണ്ട് ബൈക്കുകളില്‍ മൂന്നുപേര്‍ വീതം: റോഡില്‍ അഭ്യാസവും; യുവാക്കള്‍ക്കെതിരെ കേസ്; 7500 രൂപ വീതം പിഴയും ഈടാക്കി
നമ്പര്‍ പ്ലേറ്റ് മറച്ച രണ്ട് ബൈക്കുകളില്‍ മൂന്നുപേര്‍ വീതം
തിരുവല്ല: നമ്പര്‍ പ്ലേറ്റ് മറച്ച രണ്ട് ബൈക്കുകളില്‍ മൂന്നുപേര്‍ വീതം റോഡില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. കഴിഞ്ഞദിവസം രാത്രി എട്ടോടെ തിരുവല്ല ചെങ്ങന്നൂര്‍ റോഡില്‍ കുരിശുകവലയ്ക്ക് സമീപമാണ് തിരുവല്ല പോലീസ് ഇവരെ തടഞ്ഞ് പിടികൂടിയത്. ബൈക്കുകള്‍ അപാകമായും അശ്രദ്ധയോടെയും അപകടകരമായ വിധത്തിലും ഓടിച്ചതിന് രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തു. തിരുമൂലപുരം കുരുടന്‍ മലയില്‍ ദേവപ്രയാഗ് (21), തിരുവല്ല കുറ്റൂര്‍ വെണ്‍പാല നീലിമാ ഭവനം വീട്ടില്‍ ബിച്ചു (20) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ രവിചന്ദ്രനാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
തുടര്‍ന്ന് പോലീസ് മോട്ടോര്‍ വെഹിക്കിള്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇവര്‍ ഒരു ബൈക്കിന് 7500 രൂപ പിഴയീടാക്കി. മോട്ടോര്‍സൈക്കിള്‍ രൂപമാറ്റം വരുത്തിയതിന് 5000 രൂപയും, നിയമം ലംഘിച്ച് മൂന്നുപേര്‍ സഞ്ചരിച്ചതിന് 2000 രൂപയും എന്ന കണക്കിനാണ് പിഴയിട്ടത്. രണ്ടാമത്തെ ബൈക്കിന് മൂന്നുപേര്‍ സഞ്ചരിച്ചതിന്റെ പേരില്‍ തിരുവല്ല പോലീസ് പെറ്റി കൊടുക്കുകയും ചെയ്തു. നമ്പര്‍ പ്ലേറ്റ് മറിച്ച് ന്യൂജന്‍ ബൈക്കുകളിലാണ് മൂന്നുപേര്‍ വീതം അഭ്യാസപ്രകടനം നടത്തിയത്. നടപടികള്‍ക്ക് ശേഷം ഇന്നലെ വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുകൊടുത്തു.