കെ.എസ്.യു ക്യാമ്പസ് ജാഗരന്‍ മീറ്റ്; സ്റ്റുഡന്‍സ് സമ്മിറ്റിന് തുടക്കമായി; സ്റ്റുഡന്‍സ് മാനിഫെസ്റ്റോ തയാറാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍

കെ.എസ്.യു ക്യാമ്പസ് ജാഗരന്‍ മീറ്റ്; സ്റ്റുഡന്‍സ് സമ്മിറ്റിന് തുടക്കമായി

Update: 2025-08-01 19:34 GMT

തിരുവനന്തപുരം: ചൂടേറിയ ചര്‍ച്ചകള്‍,അഭിപ്രായങ്ങള്‍ പുതുതലമുറ പങ്കുവെച്ച ആശയങ്ങളും,ആശങ്കകളും. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പസ് ജാഗരന്‍ മീറ്റ് സ്റ്റുഡന്‍സ് സമ്മിറ്റില്‍ ഉയര്‍ന്നത് വ്യത്യസ്തമായ ആശയങ്ങള്‍

വര്‍ത്തമാനകാലത്തെ കേരളാ മോഡല്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നത് കെ.എസ്.യു ചര്‍ച്ചയാക്കണമെന്ന് ഡോ.മാത്യു കുഴല്‍ നാടന്‍ എംഎല്‍എ പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് ശക്തമായ മേല്‍നോട്ടവും, ഇടപെടലും ആവശ്യമാണെന്ന് കെപിസിസി ജന: സെക്രട്ടറി എം.ലിജു വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ ഇമേജാണോ കുട്ടികളുടെ ഭാവിയാണോ പ്രാധാന്യം എന്ന് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയെ കഴിഞ്ഞ 9 വര്‍ഷം കൊണ്ട് ഇടതു സര്‍ക്കാര്‍ തകര്‍ത്തെന്നായിരുന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയ്ന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്.ശശികുമാര്‍ അഭിപ്രായപ്പെട്ടത്

അക്കാദമിക് ടൂറിസത്തിന്റെ സാധ്യത കേരളം ഉപയോഗപ്പെടുത്തണമെന്നായിരുന്നു ഗവേഷകനും വിവര സാങ്കേതിക വിദഗ്ദ്ധനുമായ ഡോ.അച്യുത്ശങ്കറിന്റെ നിലപാട്.

പുതു തലമുറ അസ്വസ്ഥരാണെന്നും വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം അനിവാര്യമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉപസംഹാര പ്രസംഗത്തില്‍ വ്യക്തമാക്കി. വിവിധ സര്‍വ്വകലാശാലകളില്‍ സ്റ്റുഡന്‍സ് സമ്മിറ്റ് പരിപാടികള്‍ സംഘടിപ്പിക്കുമെന്നും, വിദ്യാര്‍ത്ഥികളുടെ അഭിപ്രായങ്ങള്‍ കോര്‍ത്തിണക്കി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്റ്റുഡന്‍സ് മാനിഫെസ്റ്റോ തയാറാക്കുമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥന്‍ മോഡറേറ്ററായിരുന്നു.സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളാണ് സ്റ്റുഡന്‍സ് സമ്മിറ്റില്‍ പങ്കെടുത്തത്

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ , സംസ്ഥാന ഭാരവാഹികളായ സച്ചിന്‍.ടി.പ്രദീപ്, എസ്.കെ അരുണ്‍ ,ആദേശ് സുദര്‍മ്മന്‍ ,സിംജോ സാമുവേല്‍, ജെയിന്‍ ജെയ്‌സണ്‍, ആഘോഷ്.വി.സുരേഷ്, മീഡിയാ സെല്‍ കണ്‍വീനര്‍ തൗഫീക്ക് രാജന്‍, അമൃതപ്രിയ, സേറാമറിയം ബിന്നി എന്നിവര്‍ പ്രസംഗിച്ചു.

Tags:    

Similar News