പാല്‍ നല്‍കുന്നതിനിടെ അനക്കമില്ല; ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു; മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സംഭവം പാലക്കാട്
പാലക്കാട്: മീനാക്ഷിപുരത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമുള്ള ആദിവാസി ശിശു മരിച്ചു. മീനാക്ഷിപുരം സര്‍ക്കാര്‍ ആദിവാസി ഉന്നതിയില്‍ താമസിക്കുന്ന പാര്‍ഥിപന്‍-സംഗീത ദമ്പതികളുടെ മകള്‍ കനിഷ്‌കയാണ് മരിച്ചത്. പാല്‍ നല്‍കുന്നതിനിടെ അനക്കം കാണാനില്ലെന്ന് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞ് പോഷകാഹാരക്കുറവ് നേരിട്ടിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.
ഗര്‍ഭിണികള്‍ക്ക് പ്രതിമാസം നല്‍കുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്നും, ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിച്ചതായി അമ്മ സംഗീത ആരോപിച്ചു. രണ്ട് വര്‍ഷം മുമ്പും ഇവരുടെ ആദ്യ പെണ്‍കുഞ്ഞ് ഇതേ രീതിയില്‍ മരിച്ചിരുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ പോഷകാഹാര സൗകര്യങ്ങളുടെയും ആരോഗ്യ സേവനങ്ങളുടെയും കാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നാട്ടുകാര്‍ ആവശ്യപ്പെട്ടു.