കഴക്കൂട്ടം ദേശീയ പാതയില്‍ വാഹനാപകടം; നിയന്ത്രണം വിട്ട ഥാര്‍ വാഹനം ഹൈവേയിലെ തൂണില്‍ ഇടിച്ചാണ് അപകടം നടന്നത്; സംഭവത്തില്‍ ഒരാള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം; വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് പോലീസ് പ്രാഥമിക നിഗമനം
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം ദേശീയ പാതയില്‍ വാഹനാപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിന്‍ (28) ആണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി പന്ത്രണ്ടോടെ ടെക്നോപാര്‍ക്കിന് സമീപമുള്ള കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ഥാര്‍ വാഹനം ഹൈവേയിലെ തൂണില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു.
കാര്‍ ഓടിച്ചിരുന്ന ഷിബിന്‍ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്ന മാരായമുട്ടം സ്വദേശി രജനീഷ് (27), പോങ്ങുംമൂട് സ്വദേശി കിരണ്‍ (29), സി.വി.ആര്‍പുരം സ്വദേശിനി അഖില (28), കൈമനം സ്വദേശിനി ശ്രീലക്ഷ്മി (23) എന്നിവര്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വാഹനം അമിതവേഗത്തിലായിരുന്നുവെന്നും റേസിംഗിനിടെയായിരിക്കും അപകടമെന്നുമാണ് പൊലീസ് പ്രാഥമിക വിലയിരുത്തല്‍. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന സംശയവും പൊലീസിനുണ്ട്. അപകടത്തെ തുടര്‍ന്ന് പൊലീസ്, നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. എല്ലാവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.