സുഹൃത്തുക്കളുമായി മത്സരിച്ച് മദ്യപാനം; അരക്കുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിച്ച വിദ്യാര്‍ഥി കുഴഞ്ഞ് വീണു; ഐസിയുവില്‍; മുണ്ടും ഷര്‍ട്ടും ധരിച്ച് എത്തിയ സ്‌കൂള്‍ കുട്ടികള്‍ മദ്യം വാങ്ങിയത് ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്ന്; മദ്യപിച്ചത് വിവിധ സ്‌കൂളുകളിലെ ഏഴ് വിദ്യാര്‍ത്ഥികള്‍

Update: 2025-08-31 00:29 GMT

തിരുവനന്തപുരം: സുഹൃത്തുക്കളുമായി മത്സരിച്ച് മദ്യം കുടിച്ച് അവശനായ പ്ലസ് ടു വിദ്യാര്‍ഥി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആല്‍ത്തറ ജംക്ഷനിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലായിരുന്നു നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ഏഴ് വിദ്യാര്‍ഥികളുടെ മദ്യസല്‍ക്കാരം. സ്‌കൂളുകളില്‍ ഓണാഘോഷമായിരുന്നതിനാല്‍ ഇവര്‍ യൂണിഫോം ധരിച്ചിരുന്നില്ല. മുണ്ടും ഷര്‍ട്ടും ധരിച്ച ഇവര്‍ പ്ലാമൂട് ബെവ്കോ ഔട്ട്‌ലെറ്റില്‍ നിന്നാണ് മദ്യം വാങ്ങിയത് എന്നാണ് വിവരം.

മത്സരിച്ചാണ് വിദ്യാര്‍ഥികള്‍ മദ്യം കുടിച്ചതെന്നാണു പ്രാഥമിക സൂചന. അരക്കുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിച്ച വിദ്യാര്‍ഥി സ്ഥലത്തുവെച്ച് കുഴഞ്ഞുവീണു. അഞ്ചുപേര്‍ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിയാണ് മ്യൂസിയം പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.

സംഭവത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ ബെവ്കോയില്‍ നിന്ന് മദ്യം ലഭിച്ചു എന്നതിനെക്കുറിച്ചും അന്വേഷണം നടക്കും. മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയതിനാല്‍ ഇവര്‍ വിദ്യാര്‍ഥികളാണെന്ന് തിരിച്ചറിയാനായില്ലെന്നാണു സൂചന.

Tags:    

Similar News