പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും ഓണക്കോടി കണ്ണൂരില്‍ നിന്നും; ലോക്‌നാഥ് വീവേഴ്‌സില്‍ നെയ്‌തെടുക്കുന്ന തുണി തയ്ക്കുന്നത് തിരുവനന്തപുരത്ത് എത്തിച്ച്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും ഓണക്കോടി കണ്ണൂരില്‍ നിന്നും
കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും ഇത്തവണയും ഓണക്കോടി കണ്ണൂരിന്റെ സ്വന്തം കൈത്തറിയില്‍ നിന്നും. കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കണ്ണൂര്‍ മേലെചൊവ്വയിലെ ലോക്നാഥ് വീവേഴ്സാണ് നെയ്തെടുക്കുന്നത്. കൈത്തറി ആന്‍ഡ് ടെക്സ്‌റ്റൈല്‍ ഡയറക്ടേറ്റിലെ ഉദ്യോഗസ്ഥസംഘം എത്തിയാണ് ഇതിന് നിര്‍ദേശം നല്‍കിയത്. തുണി നെയ്ക് 10-ന് തിരുവനന്തപുരത്ത് എത്തിക്കണം.
തിരുവനന്തപുരത്ത് എത്തിച്ച് ഹാന്‍ടെക്സ് തയ്യല്‍ യൂണിറ്റാണ് കുര്‍ത്ത തയ്ക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും ലോക്നാഥില്‍നിന്നാണ് പ്രധാനമന്ത്രിക്കുള്ള ഓണക്കോടി ഒരുക്കിയത്. പ്രധാനമന്ത്രിക്കായി വ്യത്യസ്തനിറത്തിലുള്ള രണ്ട് ഡിസൈനും മറ്റുള്ളവര്‍ക്ക് ഓരോന്നും വീതം ഒന്‍പത് തരത്തിലുള്ള ഡിസൈനാണ് ഒരുക്കുന്നത്. ഓരോരുത്തര്‍ക്കും കുര്‍ത്തയ്ക്കായി അഞ്ച് മീറ്റര്‍ വീതം 45 മീറ്റര്‍ തുണി. ഇത്തവണ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവരുള്‍പ്പടെ ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും ഓണക്കോടി ഒരുക്കുന്നുണ്ട്.
വെള്ളനിറത്തിലുള്ള പാവും രണ്ട് ടൈ ആന്‍ഡ് ഡൈ നൂലും ഒരു പ്ലെയിന്‍ നൂലുമുപയോഗിച്ചുള്ള ഊടുമാണ് പ്രധാനമന്ത്രിയുടെ ഓണക്കോടിക്കായി ഒരുക്കിയത്. ഒന്ന് ചന്ദനനിറത്തിലും മറ്റൊന്ന് പര്‍പ്പിള്‍ നിറത്തിലും. മറ്റുമന്ത്രിമാര്‍ക്കായി വെള്ളനിറത്തിലുള്ള പാവും രണ്ട് ടൈ ആന്‍ഡ് ഡൈ നൂലുപയോഗിച്ചുള്ള ഊടിലും വ്യത്യസ്ത നിറങ്ങളാണ് നെയ്തെടുക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്.