അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച് പിടികൂടി
അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച് പിടികൂടി
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച് പിടികൂടി. പന്നിക്കുവെച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവെക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട പുലി ജനവാസ മേഖലയിലേക്ക് നീങ്ങിയതോടെ പ്രദേശവാസികള്‍ ആശങ്കയിലായിരുന്നു. പിന്നാലെ വനംവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പുലിയെ കണ്ടെത്തി മയക്കുവെടിവെക്കുകയായിരുന്നു.
അമ്പൂരി ചാക്കപ്പാറ കള്ളിമൂടിലാണ് വെള്ളിയാഴ്ച രാവിലെ പുലി കെണിയില്‍ കുടുങ്ങിയത്. കാരിക്കുഴി സെറ്റില്‍മെന്റില്‍ പന്നിയെ പിടികൂടുന്നതിനായി ഇട്ടിരുന്ന വലയിലാണ് പുലി കുടുങ്ങിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മയക്കുവെടിവെക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും പുലി രക്ഷപ്പെട്ടു.
ആദ്യ റൗണ്ട് മയക്കുവെടിവെച്ചതിന് പിന്നാലെ പുലി വസ്തു ഉടമ സുരേഷിനെ ആക്രമിച്ചു. തുടര്‍ന്ന് രണ്ടാമത്തെ മയക്കുവെടിവെച്ചപ്പോള്‍ പുലി വല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗസ്ത്യാര്‍കൂടം താഴ്വരയായ ഈ പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികളും എത്താറുണ്ട്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുലിയെ കണ്ടെത്തി മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു.