ശസ്ത്രക്രിയയ്ക്കു വിധേയയായി മയക്കം പൂര്‍ണമായി മാറാത്ത യുവതിക്ക് പീഡനം; പ്രതിയായ അറ്റന്‍ഡറെ പിരിച്ചുവിട്ടു; പോരാട്ടം വിജയം കണ്ടെന്ന് അതിജീവിത
ഐസിയു പീഡനക്കേസിലെ പ്രതിയായ അറ്റന്‍ഡറെ പിരിച്ചുവിട്ടു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയെ പീഡിപ്പിച്ച അറ്റന്‍ഡര്‍ എ.എം.ശശീന്ദ്രനെ പിരിച്ചു വിട്ടു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാണു നടപടിയെടുത്തത്. ഇയാളുടെ ഭാഗത്ത് തെറ്റുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
മെഡിക്കല്‍ കോളേജിലെ ഭരണനിര്‍വഹണവിഭാഗം (ഇ-9) പ്രതിയെ ജോലിയില്‍നിന്ന് പിരിച്ചുവിടാനുള്ള ശുപാര്‍ശ ഉത്തരവ് പ്രിന്‍സിപ്പലിന് കൈമാറുകയും ഇതില്‍ പ്രിന്‍സിപ്പല്‍ തീരുമാനമെടുത്ത് ഒപ്പിടുകയുമായിരുന്നു.
ശസ്ത്രക്രിയയ്ക്കുശേഷം മയക്കം പൂര്‍ണമായി മാറാത്ത യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടര്‍ന്ന്, പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മെഡിക്കല്‍ കോളജ് അസി. കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവത്തിനുശേഷം അതിജീവിത നിരന്തരം നിയമപോരാട്ടത്തിലായിരുന്നു. പോരാട്ടം വിജയം കണ്ടെന്ന് അതിജീവിത പറഞ്ഞു. പിരിച്ചുവിട്ട നടപടിയില്‍ സംതൃപ്തി ഉണ്ടെന്നും അതിജീവിത പറഞ്ഞു.
2023 മാര്‍ച്ച് 18-നാണ് തൈറോയ്ഡ് ശസ്ത്രക്രിയകഴിഞ്ഞ് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പാതിമയക്കത്തില്‍ കിടക്കുകയായിരുന്ന യുവതിയെ അറ്റന്‍ഡറായ പ്രതി പീഡിപ്പിച്ചത്. സര്‍ജിക്കല്‍ ഐസിയുവില്‍ യുവതിയെ കൊണ്ടുവന്നശേഷം മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു സമയം കഴിഞ്ഞു തിരിച്ചുവന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാല്‍ ജീവനക്കാരെല്ലാം അവിടെയായിരുന്നു. അപ്പോഴായിരുന്നു പീഡനം.