സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞ് വലിയ മരം; മരത്തിന് മുകളില്‍ കയറി വെട്ടി മാറ്റി അധ്യാപകന്‍

സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞ് വലിയ മരം; മരത്തിന് മുകളില്‍ കയറി വെട്ടി മാറ്റി അധ്യാപകന്‍

Update: 2025-08-10 04:14 GMT

മലപ്പുറം: സ്‌കൂള്‍ കെട്ടിടത്തിന് ഭീഷണിയായി നിന്ന മരം അധ്യാപകന്‍ വെട്ടിമാറ്റി. ആമപ്പൊയില്‍ ഗവ. യുപി സ്‌കൂളിലെ അറബി അധ്യാപകന്‍ ടി.പി. അബ്ദുല്‍സലാമാണ് അവധി ദിനം സ്‌കൂളിലെത്തി മരം മുറിച്ചു മാറ്റിയത്. അതോടെ എല്ലാവര്‍ക്കും ആശ്വാസമായി. മരത്തില്‍ തൂങ്ങിക്കയറാനുള്ള കയറും മുറിക്കാനുള്ള ഉപകരണവും കരുതിയിരുന്നു. കെട്ടിടത്തിന് ഒരു കേടും വരുത്താതെത്തന്നെ മരം മുറിച്ചുനീക്കാനായി.

സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്ക് ചാഞ്ഞമരം വെട്ടിമാറ്റുന്നത് ദുഷ്‌കരമായിരുന്നു. പുറത്തുനിന്ന് ആളെവിളിച്ച് പണി ചെയ്യിക്കണമെങ്കില്‍ വലിയ തുക കൂലിനല്‍കണം. ഇതിനായി പ്രത്യേക ഫണ്ടില്ലാത്തതിനാല്‍ കൂലിനല്‍കുക പ്രയാസം. അപ്പോഴായിരുന്നു ഈ അധ്യാപകന്റെ വേറിട്ട പ്രവര്‍ത്തനം. ഒഴിവുസമയങ്ങളില്‍ സ്‌കൂളിലെ മരാമത്ത് ജോലികള്‍ ഉള്‍പ്പെടെയുള്ളവ ചെയ്യുന്നത് ഇദ്ദേഹമാണ്.

വയറിങ്, പ്ലംബിങ്, തേങ്ങയിടല്‍ തുടങ്ങിയവയെല്ലാം സൗജന്യമായി ചെയ്യും. അബ്ദുല്‍സലാം ഈ സ്‌കൂളിലെത്തിയശേഷം സ്‌കൂള്‍ വളപ്പിലെ തെങ്ങുകളില്‍നിന്ന് തേങ്ങ പറിക്കാന്‍ പുറത്തുനിന്ന് ആളെ വിളിക്കേണ്ടി വന്നിട്ടില്ല. 2019-ലാണ് പോരൂര്‍ പഞ്ചായത്തിലെ താളിയംകുണ്ട് സ്വദേശിയായ അബ്ദുല്‍സലാം ആമപ്പൊയില്‍ സ്‌കൂളില്‍ അധ്യാപകനായെത്തുന്നത്. സ്‌കൂളില്‍ മാത്രമല്ല പുറത്തും അധ്യാപകന്റെ സേവനം ലഭിക്കാറുണ്ടെന്ന് പിടിഎ പ്രസിഡന്റ് ഷരീഫ് പറഞ്ഞു.

വീടുകള്‍ക്കുമുകളില്‍ മരം വീഴുമ്പോള്‍ വെട്ടിമാറ്റാനും മരംവീണുണ്ടാകുന്ന റോഡിലെ തടസ്സംനീക്കാനും ഇദ്ദേഹം ഓടിയെത്തും. അറിവും കഴിവും ആരോഗ്യവും വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും നല്‍കുന്നതിലൂടെയാണ് ജീവിതം അര്‍ഥവത്താകുന്നതെന്ന് അബ്ദുല്‍സലാം പറഞ്ഞു.


Tags:    

Similar News