ഒരു യാഥാസ്ഥിതിക മനോഭാവം ഇവിടെ നിലനില്‍ക്കുന്നുണ്ട്; ഓണ്‍ലൈന്‍ മദ്യവില്പന: തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി; എടുത്തു ചാടി തീരുമാനമില്ലെന്നും മന്ത്രി

Update: 2025-08-10 07:01 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്പനയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. എടുത്തുചാടി ഒരു തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്‌കോ എംഡി നല്‍കിയ ശിപാര്‍ശയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഓണ്‍ലൈന്‍ മദ്യവില്‍പനയുടെ കാര്യത്തില്‍ പ്രൊപ്പോസല്‍ നേരത്തെയും എത്തിയിട്ടുണ്ട്. എന്നാല്‍ തത്കാലം അത് പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു തീരുമാനം. ചര്‍ച്ച ചെയ്താണ് ഒരു നയം ആവിഷ്‌കരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിനകത്ത് നിന്നാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വരുമാന വര്‍ധനയ്ക്ക് മറ്റുകാര്യങ്ങള്‍ ആലോചിക്കേണ്ടിവരും. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മദ്യത്തിന് വില കൂട്ടിയിട്ടില്ല. മറ്റു പല സംസ്ഥാനങ്ങളും വര്‍ധിപ്പിച്ചു.

മദ്യ വില്പനയുടെ കാര്യത്തിലടക്കം ഒരു യാഥാസ്ഥിതിക മനോഭാവം ഇവിടെ നിലനില്‍ക്കുന്നുണ്ട്. സമൂഹം പാകപ്പെടാതെ ഒന്നിനെയും അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി രാജേഷ് പറഞ്ഞു.

Tags:    

Similar News