കൊയിലാണ്ടിയില്‍ മൂന്ന് ദിവസത്തിനിടെ മോഷണം പോയത് 77 ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍; തെളിവായി സി.സി.ടി.വി ദൃശ്യങ്ങള്‍; കള്ളനെ തേടി പൊലീസ്
കോഴിക്കോട്: കൊയിലാണ്ടിയില്‍ മൂന്ന് ദിവസത്തിനിടെ മോഷണം പോയത് 77 ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വി.കെ ലോട്ടറി ഏജന്‍സീസ് എന്ന കടയിലാണ് മോഷണം നടന്നത്. മൂന്നു ദിവസങ്ങളിലായാണ് മോഷണം നടന്നതെന്ന് കടയുടമയുടെ പരാതിയില്‍ പറയുന്നു.
മോഷ്ടാവ് എന്ന സംശയിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കടയുടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബമ്പറിന് ടിക്കറ്റ് ഒന്നിന് 500 രൂപയാണ് വില. അതായത് മോഷണം പോയ 77 ടിക്കറ്റുകളുടെ ആകെ വില 38,500 രൂപയോളം വരും. സെപ്റ്റംബര്‍ 27നാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്.
25 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു. കൂടാതെ 5,000 മുതല്‍ 500 രൂപ വരെ സമ്മാനമായി നല്‍കുന്നുമുണ്ട്.