മതനിരപേക്ഷതയും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് ഒഴിവാക്കണമെന്ന മുറവിളി ഏത് സാമൂഹിക സാഹചര്യത്തിലാണ് ഉയര്‍ന്നുവരുന്നതെന്ന് ശ്രദ്ധിക്കണം; നിലപാട് പറഞ്ഞ് ജസ്റ്റിസ് ജെ ചെലമേശ്വര്‍
കൊച്ചി: മതനിരപേക്ഷത, സോഷ്യലിസം എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് ഒഴിവാക്കണമെന്ന മുറവിളി ഏത് സാമൂഹിക സാഹചര്യത്തിലാണ് ഉയര്‍ന്നുവരുന്നതെന്ന് ശ്രദ്ധിക്കണമെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വര്‍. സ്വന്തം വിശ്വാസങ്ങള്‍ക്കൊപ്പം സ്വാതന്ത്ര്യത്തോടെ ചിന്തിക്കാനും സംസാരിക്കാനും കഴിയാത്ത രാജ്യത്ത് എങ്ങനെ നാം ജീവിക്കുമെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമവിദ്യാഭ്യാസത്തിന്റെ 150ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ഗവ. ലോ കോളേജില്‍ സംഘടിപ്പിച്ച നിയമ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍.
ഇന്ത്യന്‍ ഭരണഘടനയ്ക്ക് നൂറ്റാണ്ടുകളുടെ അനുഭവവും വിപുലമായ സാമൂഹ്യ -സാംസ്‌കാരിക പശ്ചാത്തലവുമുണ്ട്. സമത്വം, മതസ്വാതന്ത്ര്യം, സാമൂഹികനീതി എന്നിവ ഭരണഘടനയുടെ ആത്മാവാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ കവരാനാണ് ശ്രമം. ഭരണഘടന വെറും പേപ്പറും മഷിയുമല്ല; സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ ചോരയില്‍ മുക്കി എഴുതിയതാണെന്നുകൂടി ഓര്‍മിച്ചാല്‍ പൂര്‍ണതവരുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കേണ്ടത് ഇപ്പോള്‍ ജനങ്ങളുടെ കടമയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ നിയമമന്ത്രി പി രാജീവ് പറഞ്ഞു. ഭരണഘടനാസ്ഥാപനങ്ങള്‍ ഭരണകൂടത്തിന്റെ അനുബന്ധങ്ങളായി മാറുകയാണ്. ജനങ്ങള്‍ ഒന്നിച്ചുനിന്നാല്‍മാത്രമേ ഭരണഘടനയെ സംരക്ഷിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയില്‍നിന്ന് മതനിരപേക്ഷത എന്ന വാക്ക് ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്ന് ലോ ലക്ചര്‍ സീരിസ് ചെയര്‍മാന്‍ ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. പൂര്‍വവിദ്യാര്‍ഥി അസോസിയേഷന്‍ സെക്രട്ടറി അഡ്വ. പി സഞ്ജയ്, ഗവ. ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മിനി പോള്‍, നിയമജ്ഞര്‍, മുന്‍ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.