വയോധികരായ സഹോദരിമാരുടെ മരണം; സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
കോഴിക്കോട്: വയോധികരായ സഹോദരിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരന്‍ പ്രമോദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ചേവായൂര്‍ പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രമോദിനായി തിരൂരിലും അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെയാണ് സ്ത്രീകളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരോടൊപ്പമാണ് പ്രമോദ് താമസിച്ചിരുന്നത്.
തടമ്പാട്ടുതാഴം ഫ്‌ലോറിക്കന്‍ റോഡിനു സമീപം പൗര്‍ണമി വീട്ടില്‍ താമസിക്കുന്ന സഹോദരിമാരായ ശ്രീജയ(76), പുഷ്പലളിത(66) എന്നിവരെയാണ് ഇവര്‍ പണയത്തിന് താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ പ്രമോദ് തന്റെ സുഹൃത്തിനെയും അകന്ന ബന്ധുവായ ശ്രീജിത്തിനെയും വിളിച്ച് ശ്രീജയ മരിച്ചുവെന്ന് അറിയിച്ചിരുന്നു. പ്രായമായതിനാല്‍ സ്വാഭാവിക മരണമെന്നാണ് ഇരുവരും കരുതിയത്. സുഹൃത്ത് എത്തിയപ്പോള്‍ വീട്ടില്‍ ആരെയും കാണാതെ വന്നതിനെ തുടര്‍ന്ന് അയല്‍വാസികളോട് അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. പിന്നീട് ബന്ധുവായ ശ്രീജിത്ത് എത്തിയപ്പോഴാണ് വീട് തുറുന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ശ്രീജിത്തും നാട്ടുകാരും അകത്തുകയറി നോക്കിയപ്പോഴാണ് രണ്ടുമുറികളിലായി ശ്രീജയയെയും പുഷ്പലളിതയെയും വെള്ളത്തുണി പുതപ്പിച്ച് കിടത്തിയിരിക്കുന്നതായി കണ്ടത്. ഇതോടെ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസെത്തി പ്രമോദിനെ വിളിച്ചെങ്കിലും ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. മറ്റു രണ്ടു സഹോദരങ്ങളായ വാസന്തി(മൂഴിക്കല്‍), വിവേകാനന്ദന്‍(മീഞ്ചന്ത) എന്നിവരും സ്ഥലത്തെത്തി.
പ്രമോദ് ഫറോക്കില്‍ എത്തിയതായി സൈബര്‍സെല്‍ മുഖേന പൊലീസിന് വിവരംലഭിച്ചു. അവിവാഹിതരായിരുന്നു മൂന്നുപേരും. ശ്രീജയ ബീച്ച് ആശുപത്രിയില്‍നിന്ന് ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ ജോലിചെയ്ത് വിരമിച്ചയാളായിരുന്നു.