സ്‌കൂള്‍ കെട്ടിട ഉദ്ഘാടനത്തിന് മന്ത്രി ശിവന്‍കുട്ടിയുടെ പേരും ചിത്രവുമില്ല; വിമര്‍ശനം, പിന്നാലെ ബാനറില്‍ ചിത്രം ഒട്ടിച്ചുവച്ചു

സ്‌കൂള്‍ കെട്ടിട ഉദ്ഘാടനത്തിന് മന്ത്രി ശിവന്‍കുട്ടിയുടെ പേരും ചിത്രവുമില്ല

Update: 2025-08-11 15:51 GMT

മലപ്പുറം: വെളിയങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പേരും ഫോട്ടോയും ഉള്‍പ്പെടുത്താത്തതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഉദ്ഘാടകനായ മന്ത്രിയും എംഎല്‍എയും. ഉദ്ഘാടകനായ കായിക മന്ത്രി വി.അബ്ദുറഹിമാനും അധ്യക്ഷനായിരുന്ന പൊന്നാനി എംഎല്‍എ. പി. നന്ദകുമാറുമാണ് സംഘാടകര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

പരിപാടിയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പേരോ ഫോട്ടോയോ പൊതുവിദ്യാഭ്യാസ വകുപ്പിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളോ ഉണ്ടായിരുന്നില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് വിവാദം.

സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന പദ്ധതികളെ അവഗണിക്കുന്ന നിലപാട് ശരിയല്ലെന്ന് മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംഘാടകര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി ശിവന്‍കുട്ടിയുടെ ഫോട്ടോ സംഘാടകര്‍ ബാനറില്‍ ഒട്ടിച്ചുവച്ചാണ് പരിപാടി തുടര്‍ന്നത്.

Similar News