ഭര്‍തൃമാതാവിന്റെ പീഡനം; രണ്ട് മക്കളുമായി കിണറ്റില്‍ ചാടി; ആറ് വയസുകാരന്‍ മരിച്ച കേസില്‍ അമ്മ റിമാന്‍ഡില്‍; അറസ്റ്റിലായ ഭര്‍തൃമാതാവിനെ ജാമ്യത്തില്‍വിട്ടു

ആറ് വയസുകാരന്‍ മരിച്ച കേസില്‍ അമ്മ റിമാന്‍ഡില്‍

Update: 2025-08-12 09:01 GMT

പരിയാരം: കണ്ണൂര്‍ പരിയാരം ശ്രീസ്ഥയില്‍ രണ്ടു മക്കളുമായി കിണറ്റില്‍ ചാടി ആറുവയസുള്ള മകന്‍ മരിച്ച സംഭവത്തില്‍ അമ്മ റിമാന്റില്‍. കണ്ണപുരം കീഴറ വള്ളുവന്‍കടവിലെ പടിഞ്ഞാറേപുരയില്‍ പി.പി.ധനജ(30)യെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ആത്മഹത്യാ പ്രേരണയ്ക്ക് അറസ്റ്റിലായ ധനേഷിന്റെ അമ്മ ശ്യാമളയെ (71) കോടതി ജാമ്യത്തില്‍വിട്ടു. പയ്യന്നൂര്‍ കോടതിയാണ് ധനജയെ റിമാന്‍ഡ് ചെയ്തത്. കേസില്‍ ധനജയുടെ പേരില്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ആറു വയസ്സുള്ള മകന്‍ ധ്യാന്‍കൃഷ്ണനാണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധ്യാന്‍ കൃഷ്ണ രണ്ടു ദിവസം മുന്‍പാണ് മരിച്ചത്. മറ്റൊരു കുട്ടിയായ ദിയയുടെ ആരോഗ്യനില തൃപ്തികരമാണ്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരന്‍ ധനേഷിന്റെ ഭാര്യ ധനജ മക്കളുമായി കിണറ്റില്‍ ചാടിയത്. ഇക്കഴിഞ്ഞ ജൂലൈ 30നാണ് സംഭവം. ഭര്‍ത്താവിന്റെ അമ്മ ശ്യാമള ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് 2 കുട്ടികളുമായി കിണറ്റില്‍ ചാടിയതെന്നായിരുന്നു ധനജയുടെ മൊഴി. റിമാന്‍ഡ് ചെയ്ത് ധനജയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റി.

ധനജയുടെ തുടര്‍ചികിത്സ ജയില്‍ അനധികൃതരുടെ മേല്‍നോട്ടത്തില്‍ നടക്കും. നിലവില്‍ ഇവരെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.മകന്റെ ഭാര്യയായ ധനജയ്ക്ക് നേരെയുള്ള ശാരീരിക, മാനസിക പീഡനത്തിന്റെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഭര്‍തൃമാതാവ് ശ്യാമളയെ അറസ്റ്റ് ചെയ്തത്. ഇവരെ പയ്യന്നൂര്‍ കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു. സംഭവത്തില്‍ പൊലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Similar News