27 ദിവസത്തിനിടെ റബ്ബറിന് കുറഞ്ഞത് 25 രൂപ; അന്താരാഷ്ട വിപണിയിലും വീഴ്ച
27 ദിവസത്തിനിടെ റബ്ബറിന് കുറഞ്ഞത് 25 രൂപ; അന്താരാഷ്ട വിപണിയിലും വീഴ്ച
കോട്ടയം: 27 ദിവസത്തിനിടെ 25 രൂപ വില കുറഞ്ഞ് റബ്ബര്‍ വിപണി. ജൂലായ് 22-ന് കോട്ടയത്ത് ആര്‍എസ്എസ് നാലിന് 215 രൂപ വരെ വ്യാപാരം നടന്നിടത്ത് ഓഗസ്റ്റ് 18-ന് വില 190 രൂപയായി. ടയര്‍ കമ്പനികള്‍ റബ്ബര്‍ വാങ്ങാത്തതാണ് വില വീഴ്ത്തുന്നത്.
അന്താരാഷ്ട്ര വിപണിയിലും വീഴ്ച തുടരുകയാണ്. ആര്‍എസ്എസ് നാലിന് ബാങ്കോക്ക് വില 185.96 രൂപയാണ്. മറ്റ് വിപണികളിലും സമാനമായ പ്രവണത കാണിച്ചു. ഇന്ത്യന്‍വില മെച്ചപ്പെട്ട നിലയില്‍ രേഖപ്പെടുത്തുന്ന റബ്ബര്‍ബോര്‍ഡിന്റെ പട്ടികയിലും ചുവപ്പ് കലര്‍ന്നു. ആര്‍എസ്എസ് നാലിന് 198 രൂപയാണ് അവര്‍ രേഖപ്പെടുത്തിയ വില.
ഇടവിട്ടുള്ള ശക്തമായ മഴ കേരളത്തില്‍ വിളവെടുപ്പിനെ ബാധിച്ചിട്ടുണ്ട്. മഴമറ ഇട്ടവര്‍ക്കുപോലും, രാത്രി മുഴുവന്‍ തുടരുന്ന മഴയില്‍ പ്രതീക്ഷ നഷ്ടമായി. ഓണത്തോടെ മെച്ചമായ വിലയിലേക്ക് നീങ്ങുമെന്ന പ്രതീക്ഷ ഉണ്ടായാലേ ടാപ്പിങ്ങും ഉഷാറാകൂ. പക്ഷേ, പകരച്ചുങ്ക വിഷയത്തില്‍ എന്തു മാറ്റം എന്നത് നോക്കുകയാണ് ടയര്‍ കമ്പനികള്‍.
വിലയിടിക്കാന്‍ ലക്ഷ്യമിട്ട് ചൈനീസ് ഏജന്‍സികള്‍ വിപണി വിട്ടു എന്നാണ് തായ് കര്‍ഷകര്‍ ആരോപിക്കുന്നത്. കച്ചവട സാധ്യതകളുടെ മാറ്റംമറിച്ചില്‍ കാരണം ചൈനീസ് ഉത്പാദനമേഖല ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമാണ് അവരുടെ വിട്ടുനില്‍ക്കലെന്നാണ് ഔദ്യോഗിക വിശദീകരണം.
വിലക്കുറവില്‍ അന്താരാഷ്ട്ര വിപണിയില്‍നിന്ന് ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ വളരെ കൂടുതല്‍ ചരക്കെടുക്കുന്നില്ലെന്നാണ് അവര്‍ പറയുന്നത്. പക്ഷേ, കര്‍ഷകര്‍ അത് വിശ്വസിക്കുന്നില്ല. കമ്പനികള്‍ ശേഖരം സജ്ജമാക്കി തദ്ദേശീയ വില ഉയരുമ്പോള്‍ ഇത് പുറത്തെടുത്ത് ഇന്ത്യന്‍ റബ്ബര്‍ നിയന്ത്രിച്ച് വാങ്ങുക എന്ന പഴയരീതി തുടരുന്നുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.