പുലര്‍ച്ചെ ലക്കിടി മേഖലയില്‍ എക്‌സൈ് പരിശോധന; കാറില്‍ വന്ന യുവതിയോടും യുവാവിനോടും കാര്യങ്ങള്‍ ചോദിക്കവേ പരുങ്ങുന്നത് കണ്ട് സംശയം; വാഹനം പരിശോധിച്ചപ്പോള്‍ കിട്ടിയത് എംഡിഎംഎ; യുവാവും യുവതിയും പിടിയില്‍
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരത്തിന് സമീപം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. സ്ഥലത്ത് പുലര്‍ച്ചയോടെ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്നും എംഡിഎംഎ പിടിച്ചെടുക്കുന്നത്. ലക്കിടി മേഖലയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറില്‍ യാത്ര ചെയ്തിരുന്ന യുവാവിനെയും യുവതിയെയുമാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് അരീക്കോട് സ്വദേശിയായ ഷാരൂഖ് ഷഹില്‍ (28), തൃശൂര്‍ ചാലക്കുടി സ്വദേശിനിയായ ഷബീന ഷംസുദ്ധീന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 4.41 ഗ്രാം എംഡിഎംഎയും ഉപയോഗിച്ചിരുന്ന കാറും സംഘം കസ്റ്റഡിയിലെടുത്തു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. കാറില്‍ വന്ന ഇവരില്‍ നിന്നും കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ രണ്ട് പേരും പരുങ്ങലിലായി. തുടര്‍ന്ന് സംശയം തോന്നിയ എക്‌സൈ് ഉദ്യേഗസ്ഥര്‍ ഇവരുടെ വാഹനങ്ങള്‍ അടക്കം പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് എംഡിഎംഎ കിട്ടിയത്. പരിശോധന സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. ജിഷ്ണു, പ്രിവന്റീവ് ഓഫീസര്‍മാരായ പി. കൃഷ്ണന്‍കുട്ടി, കെ.എം. അബ്ദുല്‍ ലത്തീഫ്, എ.എസ്. അനീഷ്, പി.ആര്‍ വിനോദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി. മുഹമ്മദ് മുസ്തഫ, സാദിഖ് അബ്ദുള്ള, വി.കെ. വൈശാഖ്, എം.വി. പ്രജീഷ്, ഇ.ബി. അന, വനിത എക്‌സൈസ് ഓഫീസറായ കെ.വി. സൂര്യ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.