ഓണക്കാലത്ത് യാത്ര മുടങ്ങില്ല; പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കേരളത്തിലേക്ക് 92 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍

Update: 2025-08-22 15:20 GMT

തിരുവനന്തപുരം: ഓണക്കാലത്ത് നാട്ടിലേക്കുള്ള യാത്ര മുടങ്ങില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്കായി വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വെ. ജൂലൈ മുതല്‍ തന്നെ സര്‍വീസ് ആരംഭിച്ച സ്‌പെഷ്യല്‍ ട്രെയിനുകളടക്കം 92 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളാണ് ഇതുവരെ പ്രഖ്യാപിച്ചതെന്ന് ദക്ഷിണ റെയില്‍വെ വക്താവ് അറിയിച്ചു.

ചെന്നൈയില്‍ നിന്ന് ആറ് സര്‍വീസുകളും മംഗളൂരുവിലേക്ക് 22 സര്‍വീസുകളും ബെംഗളൂരുവിലേക്ക് 18 സര്‍വീസുകളും വേളാങ്കണ്ണിയിലേക്ക് 10 സര്‍വീസുകളും പാട്നയിലേക്ക് 36 സര്‍വീസുകളും ഓണത്തോട് അനുബന്ധിച്ച് നടത്തുന്നുണ്ടെന്നാണ് അറിയിപ്പ്.

ഇതോടൊപ്പം പത്ത് ട്രെയിനുകളില്‍ അധിക കോച്ച് ഓണക്കാലത്തെ തിരക്കിന്റെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയെന്നും അവര്‍ വിശദീകരിക്കുന്നു. തിരുവനന്തപുരം - കോഴിക്കോട് - തിരുവനന്തപുരം ജന്‍ശതാബ്ദി എക്സ്പ്രസ് (12076/12075) ട്രെയിനില്‍ ഒരു ചെയര്‍ കാര്‍ അധികമായി ഉള്‍പ്പെടുത്തി. തിരുവനന്തപുരം - എറണാകുളം - തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് (16304/16303) ട്രെയിനില്‍ ഒരു ജനറല്‍ സെക്കന്റ് ക്ലാസ് കോച്ച് കൂടി ചേര്‍ത്്തു.

തിരുവനന്തപുരം - ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് (16342/16341) ട്രെയിനിലും തിരുവനന്തപുരം - മദുരൈ - തിരുവനന്തപുരം അമൃത എക്സ്പ്രസ് (16343/16344) ട്രെയിനിലും ഒരു ജനറല്‍ സെക്കന്റ് ക്ലാസ് കോച്ച് വീതമാണ് ഉള്‍പ്പെടുത്തിയത്. മംഗളൂരു - തിരുവനന്തപുരം - മംഗളൂരു മാവേലി എക്സ്പ്രസ് (16603/16604) ട്രെയിനില്‍ സ്ലീപ്പര്‍ കോച്ചും അധികമുണ്ട്. ഓണകാലത്ത് പരമാവധി യാത്രക്കാര്‍ക്ക് സൗകര്യപ്രധമായ യാത്ര ഉറപ്പുവരുത്തുന്നതിനായാണ് ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും റെയില്‍വെ അറിയിച്ചു.

Similar News