രാത്രി ആൾമറ ഇല്ലാത്ത കിണറ്റിൽ നിന്നും നിലവിളി ശബ്ദം; അയൽവാസി ഓടിയെത്തിയപ്പോൾ കണ്ടത് ഭയപ്പെടുത്തുന്ന കാഴ്ച; സ്ഥലത്ത് ഫയർഫോഴ്സ് പാഞ്ഞെത്തി; ഒടുവിൽ അത്ഭുത രക്ഷപ്പെടൽ
വിതുര: കിണറ്റിൽ വീണ യുവതിയെ അഗ്നിശമന സേനാംഗങ്ങൾ സാഹസികമായി രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രി പത്തരയോടെയാണ് വിതുര ചേന്നൻപാറ സ്വദേശിനിയായ യുവതി വീടിനടുത്തുള്ള 45 അടി താഴ്ചയുള്ള കിണറ്റിൽ അബദ്ധത്തിൽ വീണത്.
വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസിയാണ് ആദ്യം യുവതിയെ രക്ഷിക്കാൻ ശ്രമിച്ചത്. കിണറിന്റെ സമീപം വീണുകിടന്ന യുവതി വെള്ളത്തിൽ മുങ്ങിത്താഴാതിരിക്കാൻ അദ്ദേഹം കിണറ്റിലിറങ്ങി കൈകളിൽ പിടിച്ചുനിർത്തുകയായിരുന്നു. എന്നാൽ, ശരീരഭാരം കൂടിയ യുവതിയെ ഒറ്റയ്ക്ക് കരയ്ക്കു കയറ്റാൻ അയൽവാസിക്ക് സാധിച്ചില്ല.
തുടർന്ന് വിവരമറിഞ്ഞെത്തിയ വിതുര അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഞ്ചടി വ്യാസവും 10 അടി വെള്ളവുമുള്ള കിണറ്റിൽനിന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. അഗ്നിശമന സേനാംഗമായ പ്രദീഷാണ് കിണറ്റിലിറങ്ങി യുവതിക്ക് സുരക്ഷയൊരുക്കിയത്.
പിന്നീട് റോപ്പ് നെറ്റ് ഉപയോഗിച്ച് യുവതിയെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. രക്ഷാപ്രവർത്തനത്തിൽ ഹരികൃഷ്ണൻ, പ്രജിത്ത്, അനൂപ്, അനൂപ് കുമാർ, പ്രകാശ് എന്നിവരും പങ്കാളികളായി. അവശനിലയിലായ യുവതിയെ തുടർചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.