സപ്ലൈകോയില്‍ വെളിച്ചെണ്ണയ്ക്ക് 339 രൂപ; സെപ്റ്റംബര്‍ ഒന്നിന് വില വീണ്ടും കുറയും

സപ്ലൈകോയില്‍ വെളിച്ചെണ്ണയ്ക്ക് 339 രൂപ; സെപ്റ്റംബര്‍ ഒന്നിന് വില വീണ്ടും കുറയും

Update: 2025-08-26 01:14 GMT

കോട്ടയം: സപ്ലൈകോയുടെ ശബരിവെളിച്ചെണ്ണയ്ക്ക് 339 രൂപയായി കുറഞ്ഞു. സെപ്റ്റംബര്‍ ഒന്നിന് വില ഒരുതവണകൂടി കുറയ്ക്കും. ഏജന്‍സികളും മന്ത്രി ജി.ആര്‍. അനിലുമായി വെളിച്ചെണ്ണവില സംബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ കൊപ്രവിലയ്ക്ക് ആനുപാതികമായി വില താഴ്ത്തുന്നതിന് നേരത്തെ ധാരണയായിരുന്നു. സെപ്റ്റംബര്‍ ഒന്നിന് മുമ്പ് വിപണി വിശകലനം നടത്തിയശേഷം പുതിയനിരക്ക് തീരുമാനിക്കും.

ഒന്നാംഘട്ടമായി വില 389-ല്‍നിന്ന് 349 രൂപയാക്കിയിരുന്നു. കഴിഞ്ഞദിവസം ഇത് 339 രൂപയാക്കി വീണ്ടും താഴ്ത്തുകയായിരുന്നു. കേരവിലയും ഒരുതവണ കൂടി കുറയ്ക്കും. കേരഫെഡിന്റെ കേര ബ്രാന്റ് 529 രൂപയായിരുന്നത് കൃഷി, ഭക്ഷ്യവകുപ്പ് മന്ത്രിമാര്‍ തമ്മിലുള്ള ധാരണയെത്തുടര്‍ന്ന് 457 രൂപയാക്കി കുറച്ചാണ് സപ്ലൈകോ വഴി വില്‍ക്കുന്നത്. ഞായര്‍ ഓഫര്‍ എന്ന നിലയില്‍ 445 രൂപയ്ക്ക് വില്‍പ്പന നടത്തിയത് സപ്ലൈകോയ്ക്കും ഗുണമായി. ദിവസവരുമാനം ഒറ്റദിവസം 10 കോടി കവിഞ്ഞു. 30 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയാണ് ശേഖരമുള്ളത്.

വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ന്യായവില വണ്ടിയും ഓടിക്കും. 13 സബ്ബ്സിഡി ഇനങ്ങളും സബ്ബ്സിഡി ഇല്ലാത്ത ഇനങ്ങളും ഇതിലുണ്ടാകും. സപ്ലൈകോ കടയില്‍ പോകാന്‍ പറ്റാത്തവര്‍ക്ക് റേഷന്‍കാര്‍ഡ് കാണിച്ച് സബ്ബ്സിഡി ഇനങ്ങള്‍ വാങ്ങാം. എംഎല്‍എമാരുമായി സംസാരിച്ച് വണ്ടിനിര്‍ത്തിയിടുന്ന സ്ഥലങ്ങള്‍ നിശ്ചയിക്കും. ഓണത്തിന്റെ സപ്ലൈകോ സ്പെഷ്യല്‍ അരിയും ഇതിലുണ്ടാകും. കിലോയ്ക്ക് 25 രൂപ നിരക്കില്‍ 20 കിലോ അരി വാങ്ങാം. ഇത് സപ്ലൈകോ കടയിലും കിട്ടും. കാര്‍ഡ് കാണിക്കണം. ഓണം പ്രമാണിച്ച് സപ്ലൈകോ കടകളില്‍ സബ്ബ്സിഡി സാധനങ്ങള്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തേത് ഒന്നിച്ചും വാങ്ങാനും അവസരമുണ്ട്.

Tags:    

Similar News