വിരമിച്ച ലോക്കോ പൈലറ്റുമാരെ ദിവസക്കൂലിക്ക് നിയമിക്കാനുള്ള റെയില്‍വേയുടെ നീക്കം യുവജനവിരുദ്ധം; പ്രതിഷേധവുമായി ഡിവൈഎഫ് ഐ

Update: 2025-08-26 10:17 GMT

തിരുവനന്തപുരം: വിരമിച്ച ലോക്കോ പൈലറ്റുമാരെ ദിവസക്കൂലിക്ക് നിയമിക്കാനുള്ള റെയില്‍വേയുടെ നീക്കം യുവജനവിരുദ്ധമാണെന്ന് ഡിവൈഎഫ്‌ഐ. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനം അനിശ്ചിതമായി വലിച്ചു നീട്ടി വിരമിച്ച ലോക്കോ പൈലറ്റ്മാരെ വീണ്ടും ദിവസക്കൂലിക്ക് നിയമിക്കാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം രാജ്യത്തെ അഭ്യസ്ഥവിദ്യരായ യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ അറിയിച്ചു.

റെയില്‍വേയുടെ 16 സോണുകളിലായി 1,45,230 ലോക്കോ റണ്ണിങ് തസ്തികകളില്‍ 33174 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. കേരളം ഉള്‍പ്പെടുന്ന ദക്ഷിണ റെയില്‍വേയില്‍ 5848 ലോക്കോ തസ്തികളില്‍ ആകെ ഇപ്പോള്‍ ഉള്ളത് 4560 പേരാണ്. തിരുവനന്തപുരം ഡിവിഷനില്‍ 134 ഒഴിവും പാലക്കാട് 149 ഒഴിവുമുണ്ട്.

2018 ന് ശേഷം 2024 ലാണ് റെയില്‍വേ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ആകെ 28769 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചെങ്കിലും ആ ഒഴിവുകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കാതെ വിരമിച്ചവരെ വീണ്ടും ദിവസക്കൂലിക്ക് നിയമിക്കാന്‍ ആണ് നിലവില്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. അടിയന്തരിമായി ഈ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും റെയില്‍വേയുടെ നിയമന നിരോധനത്തിനെതിരെയുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

Similar News