സ്‌കൂളിലെ ഓണസദ്യയില്‍ ഭക്ഷ്യവിഷബാധ; കാലടിയില്‍ 50ലേറെ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
കൊച്ചി: എറണാകുളം കാലടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടന്ന ഓണസദ്യയില്‍ പങ്കെടുത്ത നിരവധി കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 50ഓളം വിദ്യാര്‍ഥികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടി. ആരുടെയും അവസ്ഥ ഗുരുതരമല്ല എന്നാണ് വിവരം.
കാലടി ചെങ്ങല്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സ്‌കൂളില്‍ ഓണോ ഘോഷം. 2300 വിദ്യാര്‍ഥികള്‍ സദ്യയില്‍ പങ്കെടുത്തു. എന്നാല്‍ 50ഓളം വിദ്യാര്‍ഥികള്‍ക്കാണ് അന്ന് വൈകീട്ട് മുതല്‍ പനി, തല വേദന, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പിടിപെട്ടത്.
അസ്വസ്ഥകള്‍ അനുഭവപ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികളും അങ്കമാലി കാലടിയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. അസ്വസ്ഥതകള്‍ ഭേദമായവരെ ഡിസ്ചാര്‍ജ് ചെയ്തു. മറ്റ് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ചികിത്സയിലുള്ള വിദ്യാര്‍ഥികള്‍ക്ക് അടുത്ത ദിവസങ്ങളില്‍ ആശുപത്രി വിടാനാകും. ആരോഗ്യ വകുപ്പ് ആശുപത്രിയില്‍ എത്തി പരിശോധന നടത്തി.