ഈ മാസം 13ന് മണിപ്പുരിലും മിസോറാമിലും മോദി എത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍; ഒടുവില്‍ പ്രധാനമന്ത്രി മണിപ്പൂരിലേക്ക്

Update: 2025-09-02 08:06 GMT

ന്യൂഡല്‍ഹി: മണിപ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 13ന് മണിപ്പുരിലും മിസോറാമിലും മോദി എത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2023ല്‍ മണിപ്പൂര്‍ കലാപം സംഘര്‍ഷം ആരംഭിച്ച ശേഷമുള്ള മോദിയുടെ ആദ്യ മണിപ്പുര്‍ സന്ദര്‍ശനമാകും ഇത്. എന്നാല്‍ സന്ദര്‍ശനത്തെക്കുറിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മണിപ്പുര്‍ അധികൃതര്‍ പറഞ്ഞു.

മിസോറാമില്‍ 51.38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈറാബി-സൈരംഗ് റെയില്‍വേ ലൈന്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അദ്ദേഹം മണിപ്പുരിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായുള്ള തയാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി മിസോറാം ചീഫ് സെക്രട്ടറി ഖില്ലി റാം മീണ തിങ്കളാഴ്ച വിവിധ വകുപ്പുകളുമായും നിയമ നിര്‍വഹണ ഏജന്‍സികളുമായും യോഗം വിളിച്ചുചേര്‍ത്തിരുന്നു.

2023 മേയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ മെയ്തേയ്-കുക്കി സമുദായങ്ങള്‍ തമ്മില്‍ നടന്ന രൂക്ഷമായ വംശീയ ഏറ്റുമുട്ടലില്‍ 260 ലേറെ പേരാണ് കൊല്ലപ്പെട്ടത്. മണിപ്പുരില്‍ കഴിഞ്ഞ ആറുമാസമായി രാഷ്ട്രപതി ഭരണമാണ്.

Similar News