മലപ്പുറം നഗരസഭയിലെ കാറ്ററിങ് യൂണിറ്റുകളിലും മറ്റു ഭക്ഷണ വില്പന ശാലകളിലും പരിശോധന; ശുചിത്വ നിലവാരം ഇല്ലാത്ത സാധനങ്ങള്‍ പിടിച്ചെടുത്ത് റെയ്ഡ്

Update: 2025-09-02 08:57 GMT

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ കാറ്ററിങ് യൂണിറ്റുകളിലും മറ്റു ഭക്ഷണ വില്പന ശാലകളിലും നഗരസഭ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്‍വിയോണ്‍മെന്റ് മാനേജ്മെന്റ് വിഭാഗം ചൊവ്വ പകല്‍ നടത്തിയ പരിശോധനയില്‍ ശുചിത്വ നിലവാരം ഇല്ലാത്തതും ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതുമായ ഭക്ഷണവിഭവങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് ആരോഗ്യത്തിന് ശുചിത്വ മുള്ള ഭക്ഷണവിഭവങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പ്രദേശത്തെ പ്രധാന കാറ്ററിംഗ് യൂണിറ്റുകളില്‍ ചൊവ്വ പുലര്‍ച്ചെ പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോട്ടക്കുന്ന്, കിഴക്കേത്തല, മുണ്ടുപറമ്പ് പ്രദേശങ്ങളിലാണ് വ്യാപക പരിശോധന നടത്തിയത്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശുചിത്വമില്ലാത്തിടങ്ങളില്‍ പ്രാണികളും ജീവികളും എത്തും വിധം തുറന്നു വയ്ക്കുക, പാകം ചെയ്യുന്നതിനുള്ള സാധനസാമഗ്രികള്‍ സ്റ്റോര്‍ റും സംവിധാനം ഇല്ലാതെ അലക്ഷ്യമായി സൂക്ഷിക്കുക,ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതിരിക്കുക, മാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിനിടത്തു തന്നെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുക, മലിനജലം സംസ്‌കരിക്കുന്നതിന് മതിയായ സൗകര്യമില്ലാതിരിക്കുക, ലൈസന്‍സ് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് മുഖ്യമായും കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Similar News