ഭാര്യ പിണങ്ങിപ്പോയതിന്റെ പക; തിരുവോണ ദിവസം മകള്‍ക്കും സഹോദര പുത്രിക്കും നേരെ ആസിഡ് ആക്രമണം; ഒളിവില്‍ കഴിഞ്ഞിരുന്ന പിതാവ് അറസ്റ്റില്‍
കാസര്‍കോട്: ഭാര്യ പിണങ്ങിപ്പോയതിന്റെ പകയില്‍ സ്വന്തം മകളുടെ നേരെ ആസിഡാക്രമണം നടത്തിയ പിതാവ് അറസ്റ്റില്‍. കര്‍ണാടക കരിക്കെ ആനപ്പാറ സ്വദേശി കെസി മനോജാണ് പിടിയിലായത്. പാറക്കടവിലെ വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ സഹോദരന്റെ പത്തുവയസുള്ള മകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട മനോജിനുവേണ്ടി പൊലീസ് വ്യാപക തെരച്ചില്‍ നടത്തുകയായിരുന്നു.മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കുന്ന ആളാണ് മനോജ്. ഭാര്യയും മകളും ഇയാളില്‍ നിന്ന് കുറച്ചുകാലമായി പിണങ്ങിക്കഴിയുകയായിരുന്നു. ഭാര്യ സഹോദരന്റെ വീട്ടില്‍ ഇവര്‍ എത്തിയെന്ന് അറിഞ്ഞ് അവിടെയെത്തിയ മനോജ് ആക്രമണം നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
റബര്‍ ഷീറ്റ് നിര്‍മ്മിക്കാനായി ഉപയോഗിക്കുന്ന ആസിഡാണ് ഇയാള്‍ കുട്ടികള്‍ക്കുനേരെ ഒഴിച്ചത്. പതിനേഴുകാരിയുടെ കൈകാലുകള്‍ക്കാണ് പൊള്ളലേറ്റത്. പത്തുവയസുകാരിക്ക് മുഖത്തടക്കം പൊള്ളലുണ്ട്.ആസിഡ് ആക്രമണത്തിന് പുറമേ കൊലപാതക ശ്രമം, വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങളല്ലാതെ ആക്രമണത്തിന് പിന്നില്‍ മറ്റുകാരണങ്ങള്‍ ഉണ്ടെന്ന് കരുതുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.