ഓണാഘോഷം നടക്കുന്നത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ബൈക്ക് ഓടിച്ച് കയറ്റി; മാരകായുധങ്ങള്‍ ഉപയോഗിച്ച് യുവതിയെ അടക്കം വെട്ടിപ്പരിക്കേല്‍പ്പിച്ചു: നാലു പേര്‍ അറസ്റ്റില്‍
ഓണാഘോഷത്തിനിടെ സംഘർഷം; യുവതിയടക്കം 3 പേർക്ക് വെട്ടേറ്റു
തിരുവനന്തപുരം: ഓണാഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് മാരകായുധങ്ങളുമായി കടന്നു കയറി അക്രമമഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേരെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍.ചിറയിന്‍കീഴ് ഈഞ്ചയ്ക്കല്‍ പാലത്തിനു സമീപം ആറ്റുവരമ്പില്‍ തിട്ടവീട്ടില്‍ പ്രവീണ്‍ലാല്‍(34), ഈഞ്ചയ്ക്കല്‍ അനന്തന്‍തിട്ടവീട്ടില്‍ ഉണ്ണി(28), ആറ്റുവരമ്പ് വയല്‍തിട്ടവീട്ടില്‍ കിരണ്‍പ്രകാശ്(29), ഈഞ്ചയ്ക്കല്‍ വയല്‍തിട്ട വീട്ടില്‍ ജയേഷ്(24) എന്നിവരാണു ചിറയന്‍കീഴ് പൊലീസിന്റെ പിടിയിലായത്.
ചിറയിന്‍കീഴ് കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവന്ന ഓണാഘോഷങ്ങള്‍ക്കിടെയാണു അക്രമിസംഘം മദ്യപിച്ചു മാരകായുധങ്ങളുമായി അഴിഞ്ഞാടിയത്. രാത്രി ഒന്‍പത് മണിയോടെ പരിപാടികള്‍ കാണാനിരുന്ന നാട്ടുകാര്‍ക്കിടയിലേക്കു അക്രമികള്‍ ബൈക്കുകള്‍ ഓടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നു സ്ത്രീകളടക്കമുള്ളവരെ അസഭ്യംവിളിച്ചു വാളുകാട്ടി ഓടിക്കാന്‍ ശ്രമിച്ചു. സംഘാടകരില്‍ ചിലര്‍ അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതു സംഘര്‍ഷം വര്‍ധിപ്പിച്ചു.
ഇരുവിഭാഗമായിത്തിരിഞ്ഞുള്ള സംഘര്‍ഷത്തിനിടെ ചിറയിന്‍കീഴ് കുറട്ടുവിളാകം തവളാത്ത് വീട്ടില്‍ അച്ചുലാല്‍(35) കുറട്ടുവിളാകം കല്ലുതട്ടില്‍ വീട്ടില്‍ അജിത്ത്(37), പിന്തിരിപ്പിക്കാന്‍ എത്തിയ അച്ചുലാലിന്റെ സഹോദരി മോനിഷ(37) എന്നിവരെ വെട്ടിപ്പരുക്കേല്‍പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അച്ചുലാലിനെയും അജിത്തിനേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഹൃദ്രോഗി കൂടിയായ മോനിഷയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
2022ല്‍ സമാനമായ അക്രമം ഓണാഘോഷത്തിനിടെ നടന്നിരുന്നതായും അന്നു അക്രമമഴിച്ചുവിട്ടവരാണ് ഇപ്പോഴത്തെ സംഭവത്തിലും പ്രതികളെന്നും നാട്ടുകാര്‍ പൊലീസിനു മൊഴി നല്‍കി. പ്രതികളെ റിമാന്‍ഡ് ചെയ്തു.