ഗോള്‍ഡ് മൈനിങ് കമ്പനിയില്‍ പണം നിക്ഷേപിച്ച് ലാഭം നേടം; ഓണ്‍ലൈനിലൂടെ കോട്ടയം സ്വദേശിയുടെ 1.18 കോടി തട്ടിയെടുത്ത ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍
ഓണ്‍ലൈനിലൂടെ കോട്ടയം സ്വദേശിയുടെ 1.18 കോടി തട്ടി; ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍
കോട്ടയം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കോട്ടയം കളത്തിപ്പടി സ്വദേശിയുടെ 1.18 കോടി രൂപ തട്ടിയെടുത്ത ഉത്തര്‍ പ്രദേശ് സ്വദേശി അറസ്റ്റില്‍. ഉത്തര്‍പ്രദേശ്, ജഗദീഷ്പുര, അംബേദ്കര്‍ മൂര്‍ത്തി രാഹുല്‍ നഗര്‍ ശാരദാ വിഹാറില്‍ ദീപേഷി (25) നെയാണ് ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഗോള്‍ഡ് മൈനിങ് കമ്പനിയില്‍ പണം നിക്ഷേപിച്ച് കൂടുതല്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
2024ലാണ് തട്ടിപ്പ് നടന്നത്. ഗോള്‍ഡ് മൈനിങ് കമ്പിനിയിലെ ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് യുവാവ് കളത്തിപ്പടി സ്വദേശിയെ വലയിലാക്കുന്നത്. പ്രതികളുടെ ഫോണ്‍ നമ്പരില്‍നിന്നും വാട്സാപ്പ് കോള്‍ വിളിച്ച് ഗോള്‍ഡ് മൈനിങ് കമ്പനിയെക്കുറിച്ച് വിശദീകരിച്ചു. കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ വന്‍തുക ലാഭം കിട്ടുമെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഫോണിലൂടെ നല്‍കിയ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യിച്ച് അതിലൂടെ പലതവണകളായി പല അക്കൗണ്ടുകളിലേക്ക് പണം വാങ്ങിയെടുക്കുകയായിരുന്നു. പ്രതികളുടെ വാക് സാമര്‍ത്ഥ്യത്തില്‍ വീണു പോയ ആള്‍ ചോദിച്ച പണം നിക്ഷേപിക്കുക ആയിരുന്നു.
വിശ്വാസം വരാനായി ചെറിയതുകകള്‍ ലാഭവിഹിതം എന്ന പേരില്‍ തിരികെ നല്‍കി. ഓഗസ്റ്റില്‍ പരാതിക്കാരന്‍ 4300 ഡോളര്‍ പിന്‍വലിക്കാന്‍ 'കമ്പനി'യില്‍ അപേക്ഷനല്‍കിയെങ്കിലും ലഭിച്ചില്ല. പ്രതികളുടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നമ്പര്‍ നിലവിലില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി ഉത്തര്‍പ്രദേശിലുണ്ടെന്ന് കണ്ടെത്തി. അന്വേഷണസംഘം പ്രതിയുടെ ഉത്തര്‍പ്രദേശിലെ താമസസ്ഥലത്തെത്തി അറസ്റ്റുചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശ് കോടതിയില്‍നിന്ന് ട്രാന്‍സിസ്റ്റ് വാറണ്ട് വാങ്ങി അടുത്തദിവസം പ്രതിയെ കോട്ടയത്തെത്തിക്കും.