മലപ്പുറത്ത് യുവാക്കളെ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പ്പന; രണ്ടു പേര്‍ അറസ്റ്റില്‍
മലപ്പുറത്ത് യുവാക്കളെ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പ്പന; രണ്ടു പേര്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറം ജില്ലയില്‍ യുവാക്കളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പനനടത്തിവന്ന രണ്ടുപേരെ മങ്കട പോലീസ് കസ്റ്റഡിയിലെടുത്തു. മങ്കട കടന്നമണ്ണ സ്വദേശികളായ മേലേടത്ത് ബാസിം (36), കണ്ണന്‍പറമ്പില്‍ നൗഫല്‍ (32) എന്നിവരെയാണ് ഡാന്‍സാഫ് സ്‌ക്വാഡും പോലീസും നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തത്.
മങ്കട ടൗണിലും പരിസരങ്ങളിലും യുവാക്കള്‍ക്കിടയിലാണ് ഇവര്‍ പ്രധാനമായും ലഹരിമരുന്ന് കച്ചവടം നടത്തിവന്നത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, മങ്കട ഇന്‍സ്പെക്ടര്‍ അശ്വിത്ത് എസ്. കാണ്‍മയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് എസ്ഐ ഷിജോ സി. തങ്കച്ചന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. മുക്കില്‍ ചേരിയം ഭാഗത്ത് നടത്തിയ പരിശോധനയില്‍ 5.30 ഗ്രാം എംഡിഎംഎയുമായി കാര്‍ സഹിതമാണ് യുവാക്കളെ പിടികൂടിയത്.
വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മങ്കട ഇന്‍സ്പെക്ടര്‍ അശ്വിത്ത് എസ്. കാണ്‍മയില്‍ അറിയിച്ചു. ബാസിമിന്റെയും നൗഫലിന്റെയും പേരില്‍ അടിപിടിക്കേസുകളും നിലവിലുണ്ട്. ബാസിമിന്റെ പേരില്‍ തിരൂരങ്ങാടി, മങ്കട സ്റ്റേഷനുകളില്‍ എന്‍ഡിപിഎസ് കേസുകളും ഉണ്ട്.