കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ ചെന്നായയുടെ ആക്രമണം; വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ടു

Update: 2025-09-30 16:10 GMT

ലക്‌നൗ: കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ ചെന്നായയുടെ ആക്രമണത്തില്‍ വൃദ്ധദമ്പതികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടുകാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമാണ്. പാടത്ത് നില്‍ക്കുന്നതിനിടെ ദമ്പതികള്‍ക്ക് നേരെ ചെന്നായ പാഞ്ഞടുക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇരുവരും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ദമ്പതികളുടെ ശരീരം മുഴുവന്‍ ചെന്നായയുടെ കടിയേറ്റ പാടുകളാണ്. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മൃതദേഹവുമായി നാട്ടുകാര്‍ വഴിതടഞ്ഞു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ചെന്നായശല്യം രൂക്ഷമാണ്. ഇവ കൂട്ടത്തോടെയാണ് ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത്. പ്രദേശവാസികളുടെയും കര്‍ഷകരുടെയും ജീവന് ഭീഷണിയാണെന്ന് അറിയിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും കൃത്യമായ നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ചെന്നായ ചത്തിരുന്നു. ഇതോടെ ശല്യം കുറഞ്ഞുവെന്ന് കരുതിയ നാട്ടുകാരെ വീണ്ടും ഭീതിയിലാക്കിയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

Similar News