ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടു വലത്തേക്ക് തിരിക്കും! എപ്പോള്‍ എങ്ങോട്ട് തിരിയും എന്ന് പ്രവചിക്കാനാവാത്ത വാഹനം ഏത്? ട്രെയിന്‍, റോഡ് റോളര്‍, ഓട്ടോ, വിമാനം'; കേരള പൊലീസിന്റെ ചോദ്യത്തിന് വൈറല്‍ മറുപടി

കേരള പൊലീസിന്റെ ചോദ്യത്തിന് വൈറല്‍ മറുപടി

Update: 2025-09-30 16:36 GMT

തിരുവനന്തപുരം: നിരത്തുകളില്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്ന രീതയില്‍ അശ്രദ്ധയോടെ വാഹനം ഓടിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്നവരാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍. പിന്നില്‍ നിന്നുള്ള വാഹനങ്ങള്‍ ശ്രദ്ധിക്കാതെ വളവില്‍ വച്ചുപോലും വാഹനം പെട്ടെന്ന് വെട്ടിത്തിരിച്ച് യു ടേണ്‍ എടുക്കുന്നത് പലപ്പോഴും അപകടത്തിന് ഇടയാക്കാറുമുണ്ട്. എന്നാല്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ അശ്രദ്ധ ചൂണ്ടിക്കാട്ടി കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

എപ്പോള്‍ എങ്ങോട്ട് തിരിയും എന്ന് പ്രവചിക്കാനാവാത്ത വാഹനം ഏതെന്ന ചോദ്യവുമായി കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. നിങ്ങളിലെല്ലാം അങ്ങനെയല്ല, എന്നാലും ചിലരങ്ങനെയുണ്ട് എന്ന് സൂചിപ്പിച്ചാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ അശ്രദ്ധ ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റ്.

ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടു വലത്തേക്ക് തിരിയുക, നടുറോഡില്‍ പെട്ടെന്ന് നിര്‍ത്തുക, ഇന്‍ഡിക്കേറ്റര്‍ ഇടാതെ സിഗ്‌നല്‍ നല്‍കാതെ പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ പെട്ടെന്ന് വെട്ടിത്തിരിച്ച് അപ്രതീക്ഷിത യു-ടേണ്‍ എടുക്കുക തുടങ്ങിയവ കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. ദയവായി ഇന്‍ഡിക്കേറ്ററുകള്‍ക്ക് അനുസരിച്ച് മാത്രം ഓട്ടോ തിരിക്കണമെന്നാണ് നിര്‍ദേശം. നിരവധി കമന്റുകളാണ് പോസ്റ്റിനെ അനുകൂലിച്ച് എത്തുന്നത്. ചിലര്‍ പൊലീസ് ജീപ്പും ഇങ്ങനെയെല്ലേന്ന് ചോദിക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വളരെ സ്‌നേഹത്തോടെ ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ. മൂന്നു വീലില്‍ ഓടുന്നതിനാല്‍ പെട്ടെന്ന് തിരിക്കാവുന്ന വാഹനമാണ് ഓട്ടോറിക്ഷ. എന്നാല്‍ അതേ പോലെ തന്നെ പെട്ടെന്ന് മറിയാനിടയുള്ള വാഹനവുമാണ്. കൂടാതെ ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടു വലത്തേക്ക് തിരിയുക, നടുറോഡില്‍ പെട്ടെന്ന് നിര്‍ത്തുക, ഇന്‍ഡിക്കേറ്റര്‍ ഇടാതെ സിഗ്‌നല്‍ നല്‍കാതെ പുറകില്‍ നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ പെട്ടെന്ന് വെട്ടിത്തിരിച്ച് അപ്രതീക്ഷിത യു-ടേണ്‍ എടുക്കുക തുടങ്ങിയവ കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ദയവായി ഇന്‍ഡിക്കേറ്ററുകള്‍ക്ക് അനുസരിച്ച് മാത്രം വാഹനം തിരിക്കുക. വാഹനം നിര്‍ത്തുന്നതിനു മുന്‍പ് റോഡിലെ മറ്റു വാഹനങ്ങള്‍ക്ക് സിഗ്‌നല്‍ നല്‍കുക. യു ടേണ്‍ എടുക്കുന്നതിന് മുന്‍പ് ഇന്‍ഡിക്കേറ്റര്‍ ഇട്ട് റോഡില്‍ ഇടതുവശം ചേര്‍ന്ന് നിന്ന ശേഷം വണ്ടി വലത്തോട്ട് തിരിയാന്‍ പോകുകയാണ് എന്ന സിഗ്‌നല്‍ കാണിച്ച് പുറകില്‍ നിന്ന് വാഹനങ്ങള്‍ വരുന്നില്ല എന്ന് ഉറപ്പുവരുത്തി മാത്രം യു ടേണ്‍ എടുക്കുക.


Full View

Tags:    

Similar News