അസം സ്വദേശി നവജാത ശിശുവിനെയും ഭാര്യയെയും ഉപേക്ഷിച്ച് കടന്നു; യുവതിയേയും ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെയും വനിതാസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

അസം സ്വദേശി നവജാത ശിശുവിനെയും ഭാര്യയെയും ഉപേക്ഷിച്ച് കടന്നു

Update: 2025-10-04 02:45 GMT

മറയൂര്‍: നവജാത ശിശുവിനെയും ഭാര്യയേയും ഉപേക്ഷിച്ച് അസം സ്വദേശി കടന്നു കളഞ്ഞു. അസം ഗോലാഗട്ട് സ്വദേശി ബൈറ്റി മൂഡി (33)യാണ് ഭാര്യയെയും ഏഴ് ദിവസം പ്രായമുള്ള കുട്ടിയെയും ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. യുവതിയെയും കുട്ടിയെയും പൈനാവ് വനിതാസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യുവതിയും അസം സ്വദേശിനിയാണ്.

24 വയസ്സുള്ള ഭാര്യയെ, അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി എത്തിച്ചശേഷമാണ് യുവാവ് മുങ്ങിയത്. ഏഴു ദിവസത്തിനുശേഷം മുന്‍പ് ഇവര്‍ ജോലിചെയ്തിരുന്ന മറയൂര്‍ കരിമൂട്ടിയിലെ സ്വകാര്യറിസോര്‍ട്ടില്‍ കുഞ്ഞുമായി യുവതി എത്തിയപ്പോഴാണ് നാട്ടുകാരും പോലീസും ആരോഗ്യപ്രവര്‍ത്തകരും വിവരം അറിഞ്ഞത്.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ യുവതിയെയും കുട്ടിയെയും മറയൂര്‍ ടൗണിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദീപാ അരുള്‍ജ്യോതി, ബ്ലോക്ക് പഞ്ചായത്തംഗം വിജയ് കാളിദാസ്, കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍ തേന്‍മൊഴി, പൊതുപ്രവര്‍ത്തകരായ ആര്‍. അനില്‍കുമാര്‍, സെല്‍വിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യുവതിയെ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.

തമിഴ്‌നാട്ടിലായിരുന്നപ്പോള്‍ യുവതി പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹശേഷം മറയൂര്‍, ചിന്നക്കനാല്‍, അടിമാലി മേഖലകളില്‍ ജോലി ചെയ്തുവരുകയായിരുന്നു.

Tags:    

Similar News