സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സമൂഹത്തിന്റെ പുരോഗതിക്ക് ഉതകുന്നതാകണം; അക്കാദമിക നേട്ടങ്ങള്‍ സാമൂഹിക പുരോഗതിക്ക് ഉയോഗിക്കണം: ഗവര്‍ണര്‍

Update: 2025-10-06 13:15 GMT

തിരുവനന്തപുരം: അക്കാദമിക നേട്ടങ്ങള്‍ സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയുടെ മൂന്നാമത് ബിരുദദാനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സമൂഹത്തിന്റെ പുരോഗതിക്ക് ഉതകുന്നതാകണം. ബിരുദ നേട്ടം ജീവിതത്തെ അര്‍ഥപൂര്‍ണമാക്കാനുള്ള ഭാവിലേക്കുള്ള വഴിയായി മാറണമെന്നും, ലക്ഷ്യങ്ങള്‍ ഇനി എന്ത് ചെയ്യണം, എപ്പോള്‍ ചെയ്യണം എന്നതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ നേടുക എന്നതിനപ്പുറം മറ്റുള്ളവര്‍ക്ക് ജോലി നല്‍കുക എന്നതായിരിക്കണം ലക്ഷ്യം. മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട പലരും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താതിരിക്കുന്നത് അതിശയകരമാണെന്നും, എന്നാല്‍ ലിസ്റ്റില്‍ ഇല്ലാത്ത പലരും മികച്ച സംഭാവന നല്‍കുന്നവരായി മാറിയിട്ടുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ഡിഗ്രിക്കും ശതമാനത്തിനും അപ്പുറം, നാളെകളില്‍ എന്ത് ചെയ്യുമെന്ന തീരുമാനത്തിനാകണം പ്രസക്തി. രാജ്യത്തിന് അഭിമാനമായ വിദ്യാഭ്യാസ സ്ഥാപനമാണ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള. ഡിജിറ്റലൈസേഷന്‍ പരിസ്ഥിതിയെ സംരക്ഷിക്കും. ഇന്‍കുബേഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള സാകര്യങ്ങളുള്ള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവരെന്ന നിലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയും. ജീവിതത്തില്‍ പരാജയങ്ങളുണ്ടാകും, എന്നാല്‍ അതിനുപ്പുറം വിജയത്തിലേക്കെത്താന്‍ കഴിയുമെന്ന വിശ്വാസം ഉണ്ടാകണമെന്നു ഗവര്‍ണര്‍ പറഞ്ഞു.

ചടങ്ങില്‍ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ്, ബോര്‍ഡ് ഓഫ് ഗവേണന്‍സ് ചെയര്‍മാന്‍ പ്രൊഫ. വിജയ് ചന്ദ്രു, ഡോ. ടി പി ശ്രീനിവാസന്‍ എന്നിവരും സംബന്ധിച്ചു.

Similar News