കണ്‍സഷന്‍ അനുവദിക്കുന്നതില്‍ തര്‍ക്കം; പാലായില്‍ ബസ് ജീവനക്കാരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

Update: 2025-10-08 17:22 GMT

കോട്ടയം: കണ്‍സഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ പാലായില്‍ സംഘര്‍ഷം. ബുധനാഴ്ച വൈകിട്ട് ആറിന് കൊട്ടാരമറ്റം ബസ്റ്റാന്‍ഡിലായിരുന്നു സംഭവം. എസ്.എഫ്.ഐയുടെ പ്രതിഷേധ പരിപാടി നടക്കുമ്പോഴാണ് അക്രമം നടന്നത്. കഴിഞ്ഞ ദിവസം കോളേജ് വിദ്യാര്‍ഥിക്ക് കണ്‍സഷന്‍ നല്‍കാത്തതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരുമായി തര്‍ക്കമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ മര്‍ദിച്ചുവെന്നാരോപിച്ച് എസ്.എഫ്.ഐ. കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും യോഗവും നടത്തുകയായിരുന്നു. സി.പി.എം. നേതാവ് ലാലിച്ചന്‍ ജോര്‍ജ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ജീവനക്കാരനെ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. പോലീസ് സ്ഥലത്തുണ്ടായിരിക്കെയാണ് സംഭവം. വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടായതോടെ കൂടുതല്‍ പോലീസിനെ കൊട്ടാരമറ്റെത്തിച്ചാണ് സംഘര്‍ഷം നിയന്ത്രിച്ചത്.

Similar News